മലപ്പുറം : മൈസൂരു സ്വദേശിയായ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിന്‍റെ മൃതദേഹം കണ്ടെത്താനായി ചാലിയാര്‍ പുഴയില്‍ നാവികസേന പരിശോധന തുടങ്ങി. ചാലിയാർ പുഴയിൽ സീതി ഹാജി പാലത്തിന് സമീപം മൃതദേഹം തള്ളിയതായി പ്രതികൾ മൊഴി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ. ഷാബാ ഷെരീഫിനെ കൊലപ്പെടുത്തി മൃതദേഹം ചാലിയാർ പുഴയിൽ തള്ളിയതായി പ്രതികൾ സമ്മതിച്ചിട്ടുണ്ടെങ്കിലും കൊലപാതകം സ്ഥിരീകരിക്കാവുന്ന നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ല.
മുഖ്യ പ്രതി ഷൈബിൻ അഷ്റഫ്, ഇയാളുടെ ഡ്രൈവറും കൂട്ടുപ്രതിയുമായ നിഷാദ് എന്നിവരെ കഴിഞ്ഞ ദിവസം എടവണ്ണ പാലത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടി നുറുക്കി ചാക്കിലാക്കി കാറിൽ കൊണ്ടുപോയി ചാലിയാറിൽ തള്ളിയ ഭാഗം പ്രതികൾ പൊലീസിന് കാണിച്ചുകൊടുത്തിരുന്നു. ഇതേ തുടർന്ന് പൊലീസും ഫയർഫോഴ്‌സും ഇ.ആർ.എഫ് ടീമും പുഴയിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്താനായില്ല. ഇതേതുടർന്നാണ് പൊലീസ് നാവികസേനയുടെ സഹായം തേടിയത്.
Also Read: ഷാബാ ഷെരീഫ് വധം: മൃതദേഹാവശിഷ്‌ടം കണ്ടെത്താൻ നാവിക സേന ഇന്നെത്തും
ജില്ല പൊലീസ് മേധാവി സുജിത് ദാസിൻ്റെ അഭ്യർഥന പ്രകാരം കൊച്ചിയിൽ നിന്നുള്ള കമാൻ്റ് ക്ലിയറൻസ് ടീം മാർഷ്വൽ പ്രേമേന്ദ്രകുമാറിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ടീമാണ് തിരച്ചിലിനെത്തിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള ബോട്ട് ഉൾപ്പടെയുള്ള സംവിധാനങ്ങളോടെയാണ് തിരച്ചിൽ പുരോഗമിക്കുന്നത്. രാവിലെ പത്തരയോടെയാണ് പരിശോധന ആരംഭിച്ചത്.
വെള്ളത്തില്‍ മുങ്ങിത്തിരയാന്‍ സ്‌കൂബ ഡൈവിങ്ങിനാവശ്യമായ ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. 2020ല്‍ നടന്ന സംഭവമാണെങ്കിലും ഏതെങ്കിലും തരത്തില്‍ പുഴയില്‍ അവശിഷ്‌ടങ്ങള്‍ അടിഞ്ഞുകിടക്കുന്നുണ്ടോ എന്ന പരിശോധനയാണ് നടത്തുന്നത്. ഡിവൈ.എസ്.പിമാരായ സാജു കെ എബ്രഹാം, കെ.എം ബിജു, നിലമ്പൂർ പൊലീസ് ഇൻസ്പെക്‌ടർ പി.വിഷ്‌ണു എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘവും തിരുവാലി ഫയർ യൂണിറ്റും സിവിൽ ഡിഫൻസ് ഫോഴ്‌സും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.