മലപ്പുറം:പൊന്നാനി നിയമസഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ തെരുവിൽ പരസ്യ പ്രകടനം നടത്തി. നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തുമെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രകടനം. പൊന്നാനിയിൽ സിഐടിയു ദേശീയ സെക്രട്ടറി പി.നന്ദകുമാറിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിനെതിരെ ആണ് വൻ പ്രതിഷേധം ഉയരുന്നത്. ടി.എം.സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
പൊന്നാനി മുന്‍ ഏരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.എം.സിദ്ദീഖ് മത്സരിക്കുമെന്ന് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീടാണ് നന്ദകുമാറിന്‍റെ പേര് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചത്. ഇതിനെതിരെ ജില്ലാ സെക്രട്ടറിയേറ്റില്‍ എതിരഭിപ്രായം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സമിതി തീരുമാനം അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു തവണയും പൊന്നാനിയിൽ ശ്രീരാമകൃഷ്ണന് വേണ്ടി ടി.എം.സിദ്ദീഖ് മാറിനിന്നിരുന്നു. സംസ്ഥാനത്ത് ഇത്തവണ ആദ്യമാണ് ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടി തെരുവിൽ ഇത്രയും വലിയ പ്രതിഷേധം നടക്കുന്നത്.