മലപ്പുറം: ക്രിസ്മസ്- പുതുവത്സര ദിനങ്ങളിൽ അനധികൃത വില്പനയ്ക്കായി ശേഖരിച്ച 88 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി മൂന്നു പേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശികളായ കോഴംപറമ്പിൽ പ്രദീഷ്(സുനി-44), വലിയകല്ലിങ്ങൽ അബ്ദുൾ റഹീം(28), വലിയകല്ലിങ്ങൽ ഫാസിൽ(19) എന്നിവരെയാണ് എസ്ഐ വി. ഹേമലതയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ പാതായ്ക്കര ഒലിങ്കരയിൽ നിന്നുമാണ് ഓട്ടോറിക്ഷ സഹിതം ഇവരെ പിടികൂടിയത്.
അര ലിറ്ററിന്‍റെ 88 കുപ്പികളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 2700 രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പെരിന്തൽമണ്ണ ബെവ്‌കോ ചില്ലറ മദ്യവിൽപന ശാലയിൽ നിന്നും പല തവണയായി മദ്യം വാങ്ങി ശേഖരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എ.എസ്.ഐ. സുകുമാരൻ, സി.പി.ഒ. മാരായ കബീർ, മിഥുൻ, ഷാലു, സജീർ, ഫൈസൽ, പ്രഫുൽ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.