മലപ്പുറം: അങ്ങാടിപ്പുറത്തെ വീട്ടില്‍ നിന്നും സ്‌ത്രീയുടെ മൂന്നര പവന്‍റെ സ്വർണമാലയും രണ്ട് മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി പിടിയില്‍. ചേലക്കര സ്വദേശി പുതുവീട്ടിൽ അബ്ദുൾ റഹീമാണ് പിടിയിലായത്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി ഹരിദാസന്‍ പിസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം നവംബർ 10 നാണ് കേസിനാസ്പദമായ സംഭവം. അർദ്ധരാത്രിയോടെ സമീപത്തെ വീട്ടിലെ ഗോവണി ഉപയോഗിച്ച് രണ്ടാം നിലയിലെ ജനലിലൂടെ പ്രതി സ്വർണവും മൊബൈല്‍ ഫോണും മോഷ്‌ടിക്കുകയായിരുന്നു. പ്രതി അബ്ദുൾ റഹീം നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
നേരത്തെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും മോട്ടോർസൈക്കിൾ മോഷണം പോയ കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതി കുറ്റിപ്പുറം സ്റ്റേഷൻ പരിധിയിൽ കോളജ് ഹോസ്റ്റലിനു സമീപം നിർത്തിയിട്ടിരുന്ന ഹിമാലയ മോട്ടോർസൈക്കിൾ മോഷ്‌ടിച്ച് കൊടൈക്കനാലിൽ വിൽപന നടത്തിയതായും ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു. മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ നിരവധി സ്റ്റേഷനുകളിൽ പ്രതിക്കെതിരെ ബൈക്ക് മോഷണ ഭവനഭേദന കേസുകൾ നിലവിലുണ്ട്. നേരത്തെ 10 കിലോ കഞ്ചാവുമായി പ്രതിയെ എക്സൈസ് പിടികൂടിയതായും പൊലീസ് പറഞ്ഞു. മോഷ്ടിച്ച സ്വർണവും മൊബൈൽ ഫോണുകളും ബൈക്കുകളും റിക്കവറി നടത്തുമെന്നും പൊലീസ് പറഞ്ഞു. മറ്റൊരു കേസിൽപെട്ട് ജയിലില്‍ കഴിയുന്ന കൂട്ടുപ്രതി അങ്ങാടിപ്പുറം തിരൂർക്കാട് സ്വദേശി ഓടുപറമ്പൻ അജ്‌മലിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. അജ്‌മലും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. പെരിന്തൽമണ്ണ ഇൻസ്പെക്ടർ ഐ. ഗിരീഷ്‌കുമാർ, എസ്.ഐ മഞ്ചിത് ലാൽ എന്നിവരും ഡിവൈ എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലുണ്ടായിരുന്നു.