മലപ്പുറം: യുവാക്കളെ വശീകരിച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുക ഇരുമ്പുഴി വീട്ടിൽ സലീം (32), ഓമച്ചപ്പുഴ നരക്കടവത്ത് മുഹ്സിന (21) എന്നിവരെയാണ് എസ്ഐ എസ്.കെ.പ്രിയനും സംഘവും അറസ്റ്റ് ചെയ്തത്. മുഹ്സിന ഫോൺ വഴി പുരുഷന്മാരുമായി പരിചയത്തിലാകുകയാണ് ആദ്യം ചെയ്യുന്നത്.
പിന്നീട് സ്ഥലം പറഞ്ഞ് അവിടേക്ക് വരാൻ ആവശ്യപ്പെടും. സലീം എത്തുന്നതോടെ സംഘത്തിലെ മറ്റംഗങ്ങളും സ്ഥലത്തെത്തി ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. വൈലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ പരാതി പ്രകാരമാണ് അറസ്റ്റ്.
വൈലത്തൂർ ടൗണിലെത്തി മുഹ്സിന ഓട്ടോയിൽ കയറി ബംഗ്ലാവ്കുന്ന് ഭാഗത്തേക്ക് എത്തി ഡ്രൈവറോട് 10,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഓട്ടോറിക്ഷയുടെ പിറകെ മറ്റൊരു ഓട്ടോയിൽ രണ്ടു യുവാക്കളും എത്തി പണം ആവശ്യപ്പെട്ടു. പണം നൽകാൻ തയാറാകാതിരുന്ന ഓട്ടോ ഡ്രൈവറെ പോക്സോ കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും അവർക്കായി അന്വേഷണം വ്യാപിപ്പിക്കുമെന്നും എസ്.ഐ. പറഞ്ഞു. സലീം മുമ്പ് രണ്ട് പോക്സോ കേസുകളിൽ പ്രതിയാണ്. പ്രതികളെ തിരൂർ മജിസ്‌ട്രേറ്റിനുമുമ്പിൽ ഹാജരാക്കി.