മലപ്പുറം: ആർ.എസ്.എസ് പ്രവർത്തകൻ തൊഴിയൂർ സുനിൽ വധക്കേസിൽ ജംഇയ്യത്തുൽ ഇഹ്സാനിയ എന്ന തീവ്രവാദ സംഘടനയുടെ ഒരു നേതാവ്കൂടി പിടിയിലായി. കണ്ണൂർ, കാസർകോട് ജില്ലകളില്‍ സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ തൃശൂര്‍ ചെറുതുരുത്തി പുത്തൻ പീടികയിൽ പള്ളം സുലൈമാനാണ് അറസ്റ്റിലായത്. തിരൂർ ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബുവിന്‍റെ തേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുലൈമാന്‍റെ താമസ സ്ഥലമായ വെട്ടിക്കാട്ടിരിയില്‍ മറ്റൊരു വീട്ടിൽ ഒളിവിൽ കഴിയവെ ശനിയാഴ്ച രാവിലെയാണ് അറസ്റ്റ്. സുനിൽ വധക്കേസിൽ ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാല്‍ ബി.ജെ.പി നേതാവ് മോഹനചന്ദ്രന്‍റെ കൊലപാതകത്തിലുള്ള ഇയാളുടെ പങ്ക് വ്യക്തമായിട്ടില്ലന്ന് ഡി.വൈ.എസ്.പി പറഞ്ഞു.
സുനിലിനെ ആക്രമിച്ചതിലും കൊലപ്പെടുത്തിയതിലും തനിക്ക് പങ്കുണ്ടായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വിവിധ മോഷണക്കേസുകളില്‍ പ്രതിയായ സുലൈമാൻ 2014 ല്‍ ആന്ധ്രപ്രദേശില്‍ നിന്നും പുരാവസ്തു മോഷ്ടിച്ച കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതോടെ സുനിൽ വധക്കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. ജംഇയ്യത്തുൽ ഇഹ്സാനിയയുടെ സ്ഥാപകരിലൊരാളായ ഹായ് കൊളത്തൂർ ചെമ്മലശ്ശേരി പൊതുവകത്ത് ഉസ്മാൻ, തൃശൂർ വാടാനപ്പള്ളി അഞ്ചങ്ങാടി തലകത്തെടിയിൽ യൂസഫ്, തൃശൂര്‍ ചാവക്കാട് പാലയൂർ കറുപ്പും വീട്ടിൽ മുഹിയുദ്ദീൻ എന്നിവരെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. ജംഇയ്യത്തുൽ ഇഹ്സാനിയ സ്ഥാപക നേതാവായ സൈതലവി അൻവാരിയടക്കം നാല് പേരാണ് ഇനി പിടിയിലാകാനുള്ളത്. സുനിൽ, മോഹനചന്ദ്രൻ കൊലപാതകങ്ങളിലെ ബുദ്ധികേന്ദ്രമായ അൻവാരിയെ പിടികൂടാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ആലോചനയുണ്ട്. അറസ്റ്റിലായ സുലൈമാനെ തൃശൂര്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.