മലപ്പുറം: തിരുനാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ നിരവധി വിദ്യാർഥികൾക്ക് പരിക്ക്. നാവാമുകുന്ദ ഹയർ സെക്കന്‍ഡറി സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. ഉച്ചയോടെ ആയിരുന്നു അപകടം. 20 വിദ്യാർഥികൾക്ക് പരിക്കേറ്റു.
Also Read: മുല്ലപ്പെരിയാറിലെ മരംമുറി; മുഖ്യമന്ത്രിയും അറിഞ്ഞ ഗൂഢാലോചനയെന്ന് വിഡി സതീശന്‍
ഉച്ചക്ക് സ്കൂൾ വിട്ട ശേഷം രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ബസിൽ നിറയെ വിദ്യാർഥികളുണ്ടായിരുന്നു. തിരുന്നാവായ താഴത്തെതറയിൽ വച്ചാണ് ബസിന്‍റെ നിയന്ത്രണം വിട്ടത്. തുടർന്ന് റോഡരികിലെ മരത്തിലിടിച്ച് നിന്നു. ഇടിയുടെ ആഘാതത്തിൽ ബസ് ഡ്രൈവർക്കും വാഹനത്തിന്‍റെ മുൻസീറ്റിലിരിക്കുകയായിരുന്ന രണ്ട് വിദ്യാർഥികൾക്കും സാരമായ പരിക്കേറ്റതായാണ് വിവരം.
പരിക്കേറ്റവരെ കൊടക്കല്ലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സാരമായി പരിക്കേറ്റവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.