മലപ്പുറം : ലോക്ക് ഡൗൺ നിലവിൽ വന്നതോടെ മുടങ്ങിക്കിടക്കുന്ന തേക്ക് ലേലം മെയ് നാലിന് നടക്കും. പാലക്കാട് ടിമ്പർ സെയിൽസ് ഡിപ്പോയുടെ കീഴിൽ വരുന്ന നിലമ്പൂർ അരുവാക്കോട് സെന്‍റർ ഡിപ്പോയിലും കരുളായി നെടുങ്കയം ടിമ്പർ സെയിൽസ് ഡിപ്പോയിലുമാണ് ഈ മാസം നാലിന് ലേലം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ വനം വകുപ്പിന്‍റെ ഡിപ്പോകളിലടക്കം തേക്ക് ഉൾപ്പെടെയുള്ള തടികളുടെ ലേലം നിർത്തി വെച്ചിരുന്നു. എന്നാൽ ഇപ്പോൾ സർക്കാർ തീരുമാനത്തെ തുടർന്നാണ് ലേലം നടക്കുന്നത്.
അതേ സമയം പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാൽ തടിയുടെ വില നികുതി അടക്കാൻ അവധി നീട്ടി നൽകണമെന്ന് വ്യാപാരികളുടെ സംഘടന ആവശ്യപ്പെട്ടു. ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ മര വ്യാപാരികളെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ നടപടി ഉണ്ടാകാണമെന്ന് ടിമ്പർ വ്യാപാരി സംഘടനാ ജില്ലാ നേതാവ് എൻ.മോഹൻ ദാസ് പറഞ്ഞു. വ്യാപാരികൾ വിളിച്ചെടുത്തതും ഇനി ലേലത്തിൽ വിളിച്ചെടുക്കുന്ന തടികളുടെയും വിലനികുതികൾ അടക്കാനുള്ള കാലാവധി നീട്ടണം. പിഴ പലിശ, തറവാടക എന്നിവ ഒഴിവാക്കണം. ലോക്ക് ഡൗൺ പൂർണ്ണമായി അവസാനിക്കും വരെ പഴയ രീതിയിലുള്ള ലേലങ്ങൾ മാറ്റിവെയ്ക്കണം എന്നീ ആവശ്യങ്ങളാണ് സംഘടനകൾക്കുള്ളതെന്നും മോഹൻദാസ് കൂട്ടിച്ചേർത്തു.