മലപ്പുറം: മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കൈപ്പിനി പാലം പുനർനിർമ്മിക്കുന്നതിന് സാങ്കേതികാനുമതി ലഭിച്ചു. ചുങ്കത്തറയില്‍ ചാലിയാറിന് കുറുകെ എരുമകുണ്ടയെയും കൈപ്പിനിയെയും ബന്ധിപ്പിക്കുന്ന പാലമാണ് കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്. അടുത്ത ദിവസം ടെൻഡർ നടപടി പൂർത്തിയാക്കി വേഗത്തിൽ നിർമ്മാണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. 13 കോടി 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച പാലത്തിന്‍റെ ഡിസൈനിങ് ഉൾപ്പെടെയുള്ള നടപടികളെല്ലാം നേരത്തെ പൂർത്തിയാക്കിയിരുന്നു. ശനിയാഴ്‌ചയാണ് ചീഫ് എൻജിനീയർ പാലത്തിന് സാങ്കേതിക അനുമതി നൽകിയത്. തിങ്കളാഴ്‌ച പ്രവർത്തിയുടെ ടെൻഡർ നടക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രളയത്തിൽ പാലം തകർന്നതോടെ എരുമമുണ്ട, കൈപ്പിനി, കുറുമ്പലകോട് നിവാസികൾ ഏറെ യാത്രാ ദുരിതം അനുഭവിച്ചിരുന്നു. തുടർന്ന് ജലനിരപ്പ് കുറഞ്ഞതോടെ നാട്ടുകാർ പുഴയില്‍ താല്‍ക്കാലിക പാലം നിർമ്മിച്ചു.
അതേസമയം ഒലിച്ചുപോയ കൈപ്പിനി പാലത്തിന്‍റെ നിര്‍മാണ ചുമതല ഇന്ത്യന്‍ ആര്‍മി എഞ്ചിനീയറിങ് വിഭാഗത്തിനായിരുന്നെങ്കില്‍ നൂറ് ദിവസം കൊണ്ട് പാലം യാഥാര്‍ത്ഥ്യമായേനെയെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൈപ്പിനി നിവാസികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ചുങ്കത്തറയില്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ കൈപ്പിനി പാലം കടവില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ വീട്ടമ്മമാർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പുത്തലത്ത് അബ്‌ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം പി.വി അന്‍വര്‍ എംഎല്‍എ പരിഗണിച്ചില്ലെന്ന് സമരക്കാര്‍ ആരോപിച്ചു. രണ്ടു വില്ലേജുകളെ ബന്ധിപ്പിക്കുന്ന പാലം ഇല്ലാതായതോടെ പലരുടെയും ജീവിതം വഴിമുട്ടി. ദുര്‍ഘടമായ പാതയിലൂടെ നാല് കിലോമീറ്റര്‍ സഞ്ചരിച്ച് പൂക്കോട്ടുമണ്ണ റഗുലേറ്റര്‍ കം ബ്രിഡ്‌ജ് വഴിയാണിപ്പോള്‍ യാത്രചെയ്യുന്നതെന്നും സമരക്കാർ പറഞ്ഞു.