മലപ്പുറം: പൊലീസിലും പട്ടാളത്തിലും മറ്റു സായുധസേനയിലുമെല്ലാം കയറി പറ്റണമെന്ന് ആഗ്രഹിച്ചവരെയെല്ലാം വലവീശി പിടിച്ച് പൊലീസ്. തൽപരകക്ഷികളായവരെയെല്ലാം പൊലീസ് സ്റ്റേഷൻ മുറ്റത്ത് കൊണ്ട് വന്ന് പരിശീലനം നൽകും. രണ്ടു ദിവസം കായിക പരിശീലനം പിന്നീട് രണ്ട് ദിവസം എഴുത്ത് പരീക്ഷയ്ക്കുള്ള പഠനക്ലാസ്. കരാട്ടെയും യോഗയും ഒപ്പം പരിശീലിപ്പിക്കും. പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ തുടങ്ങി ഒരു വർഷം പൂർത്തിയാകുമ്പോഴേക്കും ഫലം കണ്ടുതുടങ്ങി. ഇത്തരത്തിൽ ലഭിച്ച പരിശീലനത്തിലൂടെ അഞ്ച് പേരാണ് പൊന്നാനിയിൽ നിന്ന് സർക്കാർ സർവീസിലേക്ക് കയറാൻ ഒരുങ്ങുന്നത്. ഇതിൽ നാല് പേരും വനിതകളാണ്. കടലോര മേഖലയിലെ ചെറുപ്പക്കാരെ സർക്കാർ സർവീസുകളിൽ എത്തിക്കുക എന്നതാണ് പൊലീസ് ലക്ഷ്യം. പ്രളയ സമാനമായ സാഹചര്യങ്ങളിൽ ഈ ചെറുപ്പക്കാരുടെ സഹായം പൊലീസിനും ലഭിക്കുന്നുണ്ട്.