മലപ്പുറം: കോഴിക്കോട് വിമാനാപകടത്തിനിടെ ഒറ്റപ്പെട്ട കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തി. ഒറ്റപ്പെട്ട നിലയിലായിരുന്ന കുട്ടിയെ സിവില്‍ പൊലീസ് ഓഫീസര്‍ സാബിര്‍ അലി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനായി നവമാധ്യമങ്ങളിലടക്കം കുട്ടിയുടെ ചിത്രവും വിവരങ്ങളും നല്‍കിയിരുന്നു.
വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈയിൽ നിന്നെത്തിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ചാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്നാണ് കരിപ്പൂർ വിമാനത്താവളത്തില്‍ വിമാനം ലാൻഡിങ്ങിനിടെ റൺവേയില്‍ നിന്ന് തെന്നിമാറി തകർന്നത്. ദുബായില്‍ നിന്നുള്ള എയർ ഇന്ത്യ IX 1344 എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്‍റെ ഭാഗത്തേക്കാണ് വിമാനം തകർന്ന് വീണ് രണ്ടായി പിളർന്നത്. വിമാനത്തില്‍ നിന്നും പുക ഉയർന്നെങ്കിലും തീപിടിത്തം ഉണ്ടാകാതിരുന്നത് വൻ അപകടം ഒഴിവാക്കി. അപകടത്തില്‍ മരണം 18 കടന്നു.