മലപ്പുറം : വഴിക്കടവ് പഞ്ചായത്തിലെ പാറക്കടവ് പാലം തകർച്ചയുടെ വക്കിൽ. പാലത്തിന്‍റെ സംരക്ഷണ ഭിത്തി തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് 25 വര്‍ഷത്തോളമായി. 1975ൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 45,000 രൂപക്ക് നിർമിച്ച പാലമാണ് തകർന്ന് കിടക്കുന്നത്. ഏറെ കാലങ്ങളായി പ്രദേശവാസികള്‍ നിരന്തരം നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വഴിക്കടവ് പഞ്ചായത്തിലെ കാരക്കോട്-വെള്ളക്കട്ട പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കാരക്കോടൻ പുഴക്ക് കുറുകെയുള്ള പാലമാണ് ഇത്.
പാലം തകർച്ചാ ഭീഷണിയില്‍ ആയതോടെ കഴിഞ്ഞ വർഷം തേൻ പാറക്ക് സമീപത്തുണ്ടായ ഉരുൾപ്പൊട്ടലിലും അതിവര്‍ഷത്തിലും വെള്ളക്കട്ട നിവാസികളെ കാരക്കോട് സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിത്താമസിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. പാലം പുതുക്കി പണിയണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തോട് അധികൃതർ മൗനം തുടരുകയാണ്.