മലപ്പുറം: ഹൃദ്രോഗിയുമായി പോയ ആബുലൻസ് മറിഞ്ഞ് ഡ്രൈവർക്കും നഴ്സിനും പരിക്ക്. സംഭവത്തെത്തുടർന്ന് രോഗിയെ മറ്റൊരു ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചു. നിലമ്പൂർ ഭാഗത്ത് നിന്നും മഞ്ചേരി മെഡിക്കൽ കോളജിലേക്ക് ഹൃദ് രോഗിയുമായി പോയ ആബുലൻസ് എടവണ്ണ ചെരുമണ്ണ കുരിശും പടിയിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്.
ജില്ലാ ആശുപത്രിയിലെ 108 നമ്പർ ആബുലൻസ് ഡ്രൈവർ മുഹമ്മദ് മുഷീർ, നഴ്സ് ജസീല എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എടവണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
എടവണ്ണ എസ്ഐ വിജയരാജന്‍റെ നേത്യത്വത്തിൽ പൊലീസും, തിരുവാലി ഫയർ യൂണിറ്റ് സ്റ്റേഷൻ മാസ്റ്റർ മുനവറിന്‍റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സേനയും, എമർ ജെൻസി സെക്യൂ ഫോഴ്സ് ലീഡർ ഷാഹിന്റെ നേതൃത്വത്തിൽ ഇ.ആർ.എഫ് പ്രവർത്തകരും നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.