മലപ്പുറം: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയിലിലും ആശുപത്രിയിലും നേരിടുന്ന ക്രൂരമായ മർദ്ദനങ്ങളും പ്രതികാര നടപടിയും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി. ഉത്തർപ്രദേശിലെ യോഗി സർക്കാർ അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന്‍റെ ജീവിതം ദാരുണമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. അദ്ദേഹത്തിന്‍റെ ജീവൻ അപകടത്തിലായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഇടപെടേണ്ട സഹചര്യമാണ്. അറസ്റ്റ് മുതൽ അദ്ദേഹം നേരിടേണ്ടി വന്ന ക്രൂരതകൾ മറ്റൊരു തടവുകരന് ഉണ്ടായിട്ടുണ്ടാകുമോയെന്ന് സംശയമാണ്. കാപ്പൻ നേരിടുന്ന ദുരിത യാതനകളുടെ വാർത്ത അറിഞ്ഞ ഉടനെ അദ്ദേഹത്തിന്‍റെ ഭാര്യയെ ബന്ധപ്പെട്ട് എല്ലാവിധ പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്തെന്നും ഇ ടി മുഹമ്മദ് ബഷീർ അറിയിച്ചു.
ഈ വിഷയം നേരത്തെ പാർലമെന്‍റിൽ ഉന്നയിച്ചിരുന്നു. ഇനിയും ഇക്കാര്യത്തിൽ സാധ്യമായ എല്ലാവിധ ഇടപെടലുകളും നടത്തും. ഇക്കാര്യത്തിൽ കേരളത്തിൽ നിന്നുള്ള എംപി മാരുടെ സംയുക്ത ഹർജി രാഷ്ട്രപതി, ചീഫ് ജസ്റ്റിസ് എന്നിവർക്ക് അയയ്ക്കും. യു പിയിലെ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും പാർലമെന്‍റ് അംഗം ഡാനിഷ് അലിയെയും ബന്ധപ്പെട്ടിരുന്നു.
കൂടുതൽ വായനക്ക്: സിദ്ദിഖ് കാപ്പന് ആശുപത്രിയിലും നരകജീവിതമെന്ന് ഭാര്യ റൈഹാന
സംഭവത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്തി വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സാധിക്കുമെങ്കിൽ ഉടന്‍തന്നെ നേരിൽ ആശുപത്രി അധികൃതരെ കാണും. ഇക്കാര്യത്തിൽ ചെയ്യാൻ കഴിയുന്നതിന്‍റെ പരമാവധി നിര്‍വഹിക്കും. അദ്ദേഹത്തിന്‍റെ കുടുംബവുമായി തുടർച്ചയായി ബന്ധപ്പെട്ടുവരികയാണെന്നും ഇ ടി മുഹമ്മദ് ബഷീർ കൂട്ടിച്ചേര്‍ത്തു.