മലപ്പുറം:കൊവിഡ് പശ്ചാത്തലത്തിൽ യു.എ.ഇയിലേക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് പ്രാബല്യത്തിൽ വന്നു. വിലക്ക് വരുന്നത് കണക്കിലെടുത്ത് ശനിയാഴ്‌ച കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ വലി തിരക്കാണ് അനുഭവപ്പെട്ടത്. കരിപ്പൂരിൽനിന്ന് വിവിധ കമ്പനികൾ നിരവധി അധിക സർവീസുകളാണ് നടത്തിയത്. മൊത്തം 11 സർവിസുകളാണ് യു.എ.ഇയിലേക്ക് നടത്തിയത്. ഇതിൽ ആറും അധിക സർവീസുകളായിരുന്നു. എയർഅറേബ്യ, എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവരാണ് നിലവിലെ ഷെഡ്യൂളുകൾക്ക് പുറമെ സർവീസ് നടത്തിയത്.
Read More:കൊവിഡിന്‍റെ പിടിയിൽ മലപ്പുറം ; 2,745 പുതിയ കേസുകൾ
എയർ അറേബ്യ ഷാർജയിലേക്ക് അഞ്ച് സർവീസുകളാണ് നടത്തിയത്. മൂന്ന് സർവിസുകളായിരുന്നു നേരത്തേ ഷെഡ്യൂൾ ചെയ്‌തിരുന്നത്. യാത്ര നിയന്ത്രണം വന്നതോടെ അധികമായി രണ്ട് സർവിസുകൾ കൂടി നടത്തുകയായിരുന്നു. സ്‌പൈസ് ജെറ്റ് റാസൽ ഖൈമയിലേക്കാണ് രണ്ട് അധിക സർവീസുകൾ നടത്തിയത്. കൂടാതെ ദുബായിലേക്ക് നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള ഉച്ചക്ക് 12.10നും സർവിസ് നടത്തി.
എയർഇന്ത്യ എക്‌സ്പ്രസും കൂടുതൽ സർവിസുകൾ നടത്തി. നേരത്തെ നിശ്ചയിച്ച അബൂദബിക്ക് പുറമെ റാസൽ ഖൈമയിലേക്കായിരുന്നു സർവീസ്. ഇൻഡിഗോ ഷാർജയിലേക്കാണ് അധിക സർവീസ് നടത്തിയത്. കൂടാതെ, ബംഗളൂരു-കോഴിക്കോട് സെക്‌ടറിൽ ആഭ്യന്തര സർവീസും ഇൻഡിഗോ നടത്തി. അതേസമയം എല്ലാ വിമാനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. യാത്ര നിയന്ത്രണം ഏർപ്പെടുത്തിയതോടെ ടിക്കറ്റ് നിരക്കിലും വൻവർധനയാണ് ഉണ്ടായിരുന്നത്.