മലപ്പുറം: നിലമ്പൂർ മണ്ഡലത്തിൽ ടി. സിദ്ദിഖും പരിഗണനയിൽ. കൽപ്പറ്റയിൽ സാമുദായിക പരിഗണന പ്രകാരം സീറ്റ് ക്രിസ്ത്യൻ വിഭാഗത്തിന് നൽകണമെന്ന നിർദേശം വന്നതോടെ കെപിസിസി വൈസ് പ്രസിഡന്‍റ് ടി. സിദ്ദിഖിന് നിലമ്പൂർ സീറ്റ് നൽകണമെന്ന ആവശ്യം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉന്നയിച്ചതായാണ് സൂചന. മലപ്പുറം ജില്ലയിൽ കോൺഗ്രസിന് നാല് സീറ്റുകളാണ് മത്സരിക്കാനുള്ളത്. ഇതിൽ വിജയസാധ്യത കാണുന്ന നിലമ്പൂരിൽ മറ്റ് ജില്ലയിൽ നിന്നും ഇറക്കുമതി സ്ഥാനാർഥി വന്നാൽ അത് വലിയ പൊട്ടിത്തെറിക്ക് കാരണമാകും.
ഡിസിസി പ്രസിഡന്‍റ് വി.വി. പ്രകാശ്, സംസ്‌കാരിക സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് എന്നിവർ കഴിഞ്ഞ അഞ്ച് വർഷമായി സീറ്റിനായി മണ്ഡലത്തിൽ പ്രവർത്തനം നടത്തി വരികയാണ്. 2006 ലെ തോൽവിക്ക് മറുപടി നൽകാൻ ഒരവസരം കൂടി വേണമെന്ന നിലപാടിലാണ് ആര്യാടൻ ഷൗക്കത്ത്. എന്നാൽ 2016 ലെ ധാരണ പാലിക്കാൻ സീറ്റ് തനിക്ക് തന്നെ വേണമെന്ന് വി.വി. പ്രകാശും ആവശ്യപ്പെട്ടു കഴിഞ്ഞു. മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം പരാജയപ്പെട്ട ടി. സിദ്ദിഖിനെ ഉമ്മൻ ചാണ്ടി സമർദ്ദം ചെലുത്തി നിലമ്പൂരിൽ സ്ഥാനാർഥിയാക്കിയാൽ അത് വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കും.
അതേസമയം, എൽഡിഎഫ് സ്ഥാനാർഥി നിലമ്പൂരിൽ എത്തിയതോടെ പ്രവർത്തകർ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. എന്തായാലും കോൺഗ്രസിന്‍റെ സ്ഥാനാർഥി പട്ടിക പുറത്ത് വരുന്നതുവരെ നിലമ്പൂരിലെ യുഡിഎഫ് നേതാക്കളും പ്രവർത്തകരും ആകാംക്ഷയുടെ മുൾമുനയിലാണ്.