മലപ്പുറം: നിലമ്പൂര്‍ താലൂക്കിലെ ആദ്യ സിന്തറ്റിക് ട്രാക് സ്‌റ്റേഡിയത്തിന്‍റെ നിര്‍മാണം പുരോഗമിക്കുന്നു. അടുത്ത ഫെബ്രുവരിയോടെ പ്രവൃത്തി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 2016-ലെ സംസ്ഥാന ബജറ്റിലാണ് സിന്തറ്റിക് ട്രാക് സ്‌റ്റേഡിയം പണിയുന്നതിനായി സർക്കാർ അഞ്ചുകോടി രൂപ അനുവദിച്ചത്. കിഫ്ബിയാണ് പദ്ധതിക്കാവശ്യമായ ഫണ്ട് നല്‍കുന്നത്. മാനവേദന്‍ സ്‌കൂളിന്‍റെ സ്ഥലത്ത് നിന്ന് അഞ്ചേക്കറാണ് സ്‌റ്റേഡിയത്തിനായി മാറ്റിവെച്ചത്.
രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂര്‍ത്തിയാക്കുക. സിന്തറ്റിക് ട്രാക് ഒഴികെയുള്ള ഫുട്‌ബോള്‍ മൈതാനം, പവലിയന്‍ കെട്ടിടം, ഗാലറി, 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കിന്‍റെ നിലമൊരുക്കല്‍, മള്‍ട്ടി പര്‍പസ് ഇന്‍ഡോര്‍ സറ്റേഡിയം, പരിശീലന നീന്തല്‍ കുളം എന്നിവയാണ് ആദ്യഘട്ടത്തില്‍ നടത്തുക. രണ്ടാം ഘട്ടത്തില്‍ സിന്തറ്റിക് ട്രാക്ക് ഉണ്ടാക്കുന്ന പ്രവർത്തികൾ നടക്കും.
നിലവില്‍ മലപ്പുറം ജില്ലയില്‍ തിരൂരും യൂണിവേഴ്‌സിറ്റിയിലും മാത്രമാണ് സിന്തറ്റിക് ട്രാക്കുള്ള മൈതാനമുള്ളത്. സ്‌റ്റേഡിയം നിലവിൽ വരുന്നതോടെ പരിശീലനത്തിന് പുറമെ ജില്ലാതല മത്സരങ്ങളും ഇവിടെ നടത്താനാകും.