മലപ്പുറം: ഗാന്ധി ജയന്തി ദിനത്തിൽ ദണ്ഡിയാത്ര പുനരാവിഷ്‌കരിച്ച് സുല്ലമുസലാം ഓറിയന്‍റല്‍ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ. ചാലിയാർ തീരത്ത് ഉപ്പ് ഉരുക്കിയത് മുതൽ യാത്രക്ക് അന്ന് കിട്ടിയ സ്വീകരണം വരെ വിദ്യാര്‍ഥികള്‍ ഗാന്ധിയുടെ 150ാം ജന്മദിനത്തില്‍ പുനരവതരിപ്പിച്ചു. ദണ്ഡിയാത്രയുടെ എൺപത്തിയൊമ്പതാം വാർഷികമാണ് ഇക്കൊല്ലം.
ഗാന്ധിയുടെ രൂപസാമ്യമുള്ള ഗാന്ധിയൻ ഡോ. ചാച്ചാ ശിവരാജനാണ് ദണ്ഡിയാത്രക്ക് നേതൃത്വം നല്‍കിയത്. അന്ന് ഗാന്ധിയെ അനുഗമിച്ച സമര ഭടന്മാരായ സരോജിനി നായിഡു, മണിലാൽഗാന്ധി, മിഥു ബെൻ തുടങ്ങിയവരായും വിദ്യാർഥികൾ വേഷമിട്ടു. അരീക്കോട് വില്ലേജ് ഓഫീസിന് സമീപം സജ്ജീകരിച്ച ആശ്രമത്തിൽ നിന്നും ആരംഭിച്ച യാത്രയില്‍ നാട്ടുകാരും വിദ്യാർഥികളും പങ്കെടുത്തു. ഗാന്ധിക്കും സംഘത്തിനും സ്വീകരണം നൽകിയ അസലാലി, നവാഗം, ആനന്ദ്, സൂററ്റ് നവസാരി തുടങ്ങിയ ഗ്രാമങ്ങളും നഗരങ്ങളുമെല്ലാം യാത്രക്കിടെ പുനരാവിഷ്‌കരിച്ചിരുന്നു. ദണ്ഡിയാത്രാ വേളയിൽ ഗാന്ധി നടത്തിയ പ്രസംഗങ്ങളുടെ മലയാളാവിഷ്‌കാരവും വേറിട്ടതായി. താഴത്തങ്ങാടിയിൽ, ചാലിയാർ പുഴയോരത്ത് പ്രതീകാത്മകമായി ഉപ്പു കുറിക്കിക്കൊണ്ടാണ് യാത്ര സമാപിച്ചത്. ഗാന്ധിയുടെ വേഷമണിയാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ചാച്ചാ ശിവരാജൻ പറഞ്ഞു. നശീകരണ സമരങ്ങൾ മാത്രം കാണുന്ന പുതുതലമുറക്ക് സഹന സമരം പരിചയപ്പെടുത്തുകയായിരുന്നു യാത്രയുടെ ലക്ഷ്യമെന്ന് പ്രിൻസിപ്പാൾ കെ.ടി മുനീബു റഹ്മാൻ പറഞ്ഞു. പ്രധാനാധ്യാപകൻ സി പി കരീം, മാനേജർ കെ സലാം മാസ്റ്റർ, മാനേജിങ് കമ്മിറ്റി പ്രസിഡന്‍റ് എൻ വി എം സക്കരിയ, സ്‌കൂള്‍ ജീവനക്കാർ, തുടങ്ങിയവർ യാത്രയില്‍ പങ്കെടുത്തു.