മലപ്പുറം: കൊവിഡിനെ തുടർന്ന് പഠനം ഈ വർഷവും ഓൺലൈൻ ആക്കിയതോടെ കരുവാരക്കുണ്ട് പുത്തനഴി കൊടക്കാടൻ ചോലയിൽ മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനെ തുടർന്ന് നിരവധി വിദ്യാർഥികൾ ദുരിതത്തിൽ. മിക്ക വീടുകൾക്ക് ചുറ്റും കൊടുംകാടായതിനാൽ നിരവധി വിദ്യാർഥികളാണ് ഓൺലൈൻ ക്ലാസുകളിൽ പങ്കടുക്കാൻ കഴിയാതെ ബുദ്ധിമുട്ട് നേരിടുന്നത്.
ഇന്‍റർനെറ്റിനായി കുന്ന് കയറണം
ധാരാളം വിദ്യാർഥികളുള്ള ഈ പ്രദേശങ്ങളിൽ മതിയായ ഇന്‍റർനെറ്റ് കണക്‌റ്റിവിറ്റി ഇല്ലാത്തതിനെ തുടർന്ന് ദിവസവും കുന്ന് കയറി പാറപ്പുറങ്ങളിലും മറ്റും ഇരുന്നാണ് നിലവിൽ വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നത്. വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ അടിയന്തരമായി സർക്കാർ ഇടപെട്ട് ഇന്‍റർനെറ്റ് സൗകര്യം ഏർപ്പെടുത്തണമെന്നാണ് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആവശ്യം.
Also Read: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ വ്യാഴാഴ്‌ച മുതൽ ; ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍
ഇന്‍റർനെറ്റ് റീചാർജിങിനും ചെലവേറുന്നു
വിക്‌ടേഴ്‌സ് ചാനലിലെ ക്ലാസിന് പുറമേ ഓൺലൈനായും ലൈവായും ക്ലാസുകൾക്ക് തുടക്കം കുറിച്ച സഹചര്യത്തിൽ പ്രസ്തുത സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയാത്തതിൽ വിദ്യാർഥികളും രക്ഷിതാക്കളും വലിയ ബുദ്ധിമുട്ടിലാണ്. ഇതിന് പുറമെ മാസംതോറുമുള്ള ഇന്‍റർനെറ്റ് റീചാർജിങാണ് രക്ഷിതാക്കൾ നേരിടുന്ന മറ്റൊരു പ്രതിസന്ധി. മാസം 200 രൂപയിലധികം റീചാർജിങിനായി വേണ്ടിവരുന്നതിനാൽ കൊവിഡ് സാഹചര്യത്തിൽ അധിക രക്ഷിതാക്കൾക്കും ഇത് വലിയ ബാധ്യതയാണ്.
അടിയന്തിര ഇടപെടൽ വേണമെന്ന് ആവശ്യം
അതേസമയം ഡിഗ്രി ക്ലാസുകളിലെ ചില വിഷയങ്ങൾ രാത്രി കാലത്ത് നടക്കുമ്പോൾ രാത്രിയിലും കൊടുംകാടുകളിലിരുന്ന് ക്ലാസിന് പങ്കെടുക്കേണ്ട അവസ്ഥയാണ്. ഓൺലൈൻ പഠനത്തിന്‍റെ സാഹചര്യത്തിൽ വിദ്യാർഥികൾ നേരിടുന്ന ഇന്‍റർനെറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ കാര്യമായ ഇടപെടലുകൾ നടത്തണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു.