മലപ്പുറം: ഈ ദുരിത കാലത്ത് സർക്കാരിനൊപ്പം നില്‍ക്കാൻ അപ്പൂപ്പൻ തീരുമാനിച്ചപ്പോൾ ഏഴാം ക്ലാസുകാരി അലീഷയും എല്‍കെജി വിദ്യാർഥി ഇഷാനും പിന്നെ ഒന്നും നോക്കിയില്ല. ചാലിയാർ കല്ലുണ്ട തിരുനെല്ലി വീട്ടിൽ മമ്മു കഴിഞ്ഞ പ്രളയത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ഇത്തവണ പെൻഷൻ തുകയില്‍ നിന്നും 10,000 രൂപയാണ് മമ്മു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.
മമ്മുവിന്‍റെ പേരക്കുട്ടികളായ അലീഷയും ഇഷാനും ആ വലിയ മനസിനൊപ്പം ചേർന്നു. അലീഷയുടെ പിറന്നാളിന് ലഭിച്ച 1,000 രൂപയും ഇഷാന്‍റെ സമ്പാദ്യപ്പെട്ടിയിലെ 500 രൂപയും അപ്പൂപ്പന്‍റെ പണത്തിനൊപ്പം ചേര്‍ത്തുവെച്ചു. മൂവരുടെയും തീരുമാനം ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി.ഉസ്‌മാനെ അറിയിക്കുകയും പ്രസിഡന്‍റും സംഘവും വീട്ടിലെത്തി സംഭാവന സ്വീകരിക്കുകയും ചെയ്‌തു. കൊവിഡ് നാളുകളിൽ നാടിനൊപ്പം നിൽക്കാൻ കഴിയുന്നതിന്‍റെ സംതൃപ്‌തിയും ഇവർ പങ്കുവെച്ചു.