മലപ്പുറം: കൊവിഡ് കാലം ഫലപ്രദമാക്കി ഉപയോഗിച്ചവര്‍ക്കിടയില്‍ വ്യത്യസ്ഥനാണ് പരിയാപുരത്തുകാരനായ മുഹമ്മദ് ഷിബിന്‍. കുഞ്ഞുനാൾ മുതൽ തുടങ്ങിയതാണ് വാഹനങ്ങളോടുള്ള ചങ്ങാത്തം. എപ്പോഴും വാഹനങ്ങളെ കുറിച്ചാണ് ചിന്ത. ക്ലാസിലിരുന്ന് ടീച്ചർമാർ കാണാതെ വാഹനത്തിന്‍റെ രേഖാചിത്രം വരക്കും. സംഭവം കയ്യോടെ പിടികൂടുന്ന അധ്യാപകരില്‍ നിന്നും പലതവണ വഴക്കു കേട്ടിട്ടുമുണ്ട്. ഇതിനിടെ വീണുകിട്ടിയ അവധിക്കാലം കെ.മുഹമ്മദ് ഷിബിൻ പാഴാക്കിയില്ല. കാലങ്ങളായി സ്വപ്നംകണ്ട നാലുചക്ര വാഹനം നിർമിച്ച് താരമായി. നിരത്തിലോടുന്ന കാറുകളുടെ സാങ്കേതികവിദ്യ തന്നെയാണ് നിർമാണത്തിലുപയോഗിച്ചത്. പത്തു ദിവസമാണ് പ്ലാനിംഗിനായി ഉപയോഗിച്ചത്. നിർമാണത്തിനു വേണ്ടി വന്നത് 20 ദിവസമാണെന്നും ഷിബിന്‍ പറയുന്നു.
വീട്ടിലെ പഴയ ബൈക്കിന്‍റെ എന്‍ജിനെടുത്ത് ഇരുമ്പുകമ്പികളും തകിടും ഉപയോഗിച്ചുള്ള പ്ലാറ്റ്‌ഫോമിൽ ഘടിപ്പിച്ചു. ബാക്കി ഭാഗങ്ങള്‍ പഴയ വാഹനങ്ങളുടെ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നുവാങ്ങി. ബൈക്കില്‍ ഉപയോഗിച്ച വയറിങ് രൂപമാറ്റം വരുത്തി സ്വപ്ന വാഹനത്തിനൊപ്പം ചേര്‍ത്തു. വെല്‍ഡിങ്, ഡ്രില്ലിങ്, ഗ്രൈൻഡിങ്, കട്ടിങ് ഉള്‍പ്പെടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം സ്വയം ചെയ്തതിനാല്‍ നിർമാണച്ചെലവ് 7500 രൂപ മാത്രം. ഹൈബ്രിഡ് സാങ്കേതികവിദ്യ കൂടി കൂട്ടിച്ചേര്‍ത്തതിനാല്‍ വാഹനത്തിൽ പെട്രോള്‍ തീർന്നാലും പേടിക്കേണ്ട ആവശ്യമില്ലെന്നും ഷിബിന്‍ പറയുന്നു. ഇലക്ട്രിക് മോട്ടോര്‍ കൂടിയുള്ളതിനാല്‍ വാഹനം ലക്ഷ്യത്തിലെത്തും.
40 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. ഇലക്ട്രിക് മോട്ടോറിനാണെങ്കിൽ മണിക്കൂറിൽ 15-20 വേഗതയിൽ രണ്ട് മണിക്കൂർ സഞ്ചരിക്കാം. ബൈക്ക് എന്‍ജിനിലാണ് ഓടുന്നതെങ്കിലും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ ഉള്ളതിനാല്‍ വാഹനം റിവേഴ്‌സ് എടുക്കാമെന്നതും പ്രത്യേകതയാണ്. ഷേക്ക്അബ്‌സോര്‍ബറും മറ്റു പ്രവര്‍ത്തനങ്ങളുമെല്ലാം നിരത്തിലോടുന്ന കാറുകളിലേതിനു സമാനമാണ്. നാലു ലിറ്ററാണ് പെട്രോള്‍ ടാങ്കിന്‍റെ സംഭരണ ശേഷി.
ഒന്നര ലിറ്ററാകുന്നതോടെ റിസര്‍വിലെത്തും. കോമ്പി ബ്രേക്ക്, എ.ബി.എസ്, സെല്‍ഫ് സ്റ്റാര്‍ട്ടിങ് എന്നിവ ഉള്‍പ്പെടുത്തുകയാണ് ഇനിയുളള ലക്ഷ്യം. പരിസര മലിനീകരണം കുറയ്ക്കാനായി ഇലക്ട്രിക് ചാര്‍ജ് ഉപയോഗിച്ച് വാഹനം ചലിപ്പിക്കാമെന്നതും പ്രത്യേകതയാണ്. സഹോദരനും ഡിഗ്രി വിദ്യാർഥിയുമായ മുഹമ്മദ് സിജിലാണു സഹായി. പരിയാപുരം സെന്‍റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്നും 99 ശതമാനം മാര്‍ക്കോടെ പ്ലസ്ടു (സയന്‍സ്) പരീക്ഷയിൽ വിജയം നേടിയ ഷിബിൻ കുസാറ്റില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന് ചേരാനുള്ള തയാറെടുപ്പിലാണ്. തൂത ഡി.യു.എച്ച്.എസ്.എസിലെ അധ്യാപക ദമ്പതികളായ പരിയാപുരം കൊടശേരി സെയ്തലവിയുടെയും റജീനയുടെയും മകനാണ്.