മലപ്പുറം : അമേരിക്കൻ പണമിടപാട് വെബ്‌സൈറ്റിലെ സുരക്ഷാവീഴ്‌ച ചൂണ്ടിക്കാട്ടിയതിന് പെരിന്തൽമണ്ണയിലെ വിദ്യാർഥിക്ക് ലഭിച്ചത് 25 ലക്ഷം രൂപയുടെ പാരിതോഷികം. പെരിന്തൽമണ്ണ റെഡ് ടീം ഹാക്കേർസ് അക്കാദമിയിലെ പൂർവ വിദ്യാർഥി ഗോകുൽ സുധാകർ ആണ് അപൂർവ നേട്ടത്തിന് ഉടമയായത്. ബി ടെക് പഠനം പാതിവഴിയിലിരിക്കെയാണ് ഗോകുൽ സൈബർ സെക്യൂരിറ്റി കോഴ്‌സ് പഠിക്കാൻ പെരിന്തൽമണ്ണയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ എത്തുന്നത്.
നാലുമാസത്തെ സിഐസിഎസ്‌എ കോഴ്‌സ് പഠിച്ചിറങ്ങിയ ഗോകുൽ ബഗ് ബൗൺഡി എന്ന പ്രോഗ്രാം വഴി സ്റ്റാർബഗ്‌സ്, സോറാറെ തുടങ്ങിയ വിദേശത്തെയും സർക്കാരിന്‍റെയും അടക്കം ഇരുപതിലേറെ വെബ്‌സൈറ്റുകളിലെ സുരക്ഷാവീഴ്‌ച ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
2022 ഒക്‌ടോബറിൽ ആണ് കോഴ്‌സ് പൂർത്തീകരിച്ചത്. ശേഷമാണ് അമേരിക്കൻ പണമിടപാട് വെബ്‌സൈറ്റിലെ പ്രധാന തകരാറുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്‌തത്. ഇതേതുടർന്നാണ് കമ്പനി നേരിട്ട് 30000 ഡോളർ അഥവാ 25 ലക്ഷം രൂപ പ്രതിഫലമായി നൽകിയത്.ബി ടെക് പൂർത്തീകരിച്ച ഗോകുൽ ഇപ്പോൾ ജോലിക്കായുള്ള ശ്രമത്തിലാണ്.
കൂടുതൽ പരിശ്രമത്തിലൂടെ ഇനിയും ഇത്തരം സുരക്ഷാവീഴ്‌ചകൾ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ഗോകുൽ. മണ്ണാർക്കാട് കുണ്ടൂർക്കുന്ന് സ്വദേശി റിട്ട. അധ്യാപകനായ സുധാകരൻ, നഴ്‌സായ ജലജ ദമ്പതികളുടെ മകനാണ് ഗോകുൽ സുധാകർ. പാലക്കാട് ആയുർവേദ ഡോക്‌ടർ ആയ കാർത്തികയാണ് സഹോദരി.
കാറിലെ തീയണയ്‌ക്കാൻ കണ്ടുപിടിത്തവുമായി വിദ്യാർഥികൾ : കണ്ണൂരിൽ അടുത്തിടെ പിലാത്തറ എംജിഎം പോളിടെക്‌നിക്കിലെ വിദ്യാർഥികൾ നടത്തിയ കണ്ടെത്തൽ ഏറെ വാർത്ത ശ്രദ്ധ നേടിയിരുന്നു. കാറിന് തീപിച്ചാൽ ഡോർ അൺലോക്കാകുന്ന ഓട്ടോമാറ്റിക് സംവിധാനമാണ് വിദ്യാർഥികൾ കണ്ടെത്തിയത്. കണ്ണൂരിൽ ഓടികൊണ്ടിരിക്കുന്ന കാറിൽ തീപടർന്ന് ദമ്പതികൾ മരിച്ച സംഭവത്തെ തുടർന്നാണ് ഇത്തരം ഒരു ആശയം ഉണ്ടായത്. തീപടർന്നാൽ കാറിലെ ഹീറ്റ് സെൻസർ പ്രവർത്തനക്ഷമമായി ഡോർ അൺലോക്കുകയും കൂടാതെ കാറിനകത്ത് സജ്‌ജീകരിച്ചിരിക്കുന്ന വാട്ടർ സ്‌പ്രേയറുകളുടെ സഹായത്തോടെ വെള്ളം ചീറ്റി തീ അണക്കാനുള്ള സംവിധാനവും വിദ്യാർഥികൾ കണ്ടെത്തിയിരുന്നു.