മലപ്പുറം: ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്താനുള്ള പ്രവേശന കേന്ദ്രങ്ങളിൽ നാടുകാണി ചുരം പാത കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ വി.വി പ്രകാശ് രംഗത്തെത്തി. നിലവിൽ ആറ് പ്രവേശന കേന്ദ്രങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തെയും തമിഴ്‌നാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന നാടുകാണി ചുരം പാത പട്ടികയിൽ ഉൾപ്പെടാത്തത് ഇതര സംസ്ഥാനങ്ങളിലുള്ള മലപ്പുറം ജില്ലക്കാർക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. ബെംഗളൂരു, മൈസൂരു, നീലഗിരി എന്നിവിടങ്ങളിലായി മലപ്പുറം ജില്ലയിൽ നിന്നുള്ള 100 കണക്കിന് ആളുകളാണ് കുടുങ്ങിയിരിക്കുന്നത്. നാടുക്കാണി പാതയിൽ യാത്രാ അനുമതി ഇല്ലാത്തതിനാൽ പാലക്കാട്-വളയാർ , മുത്തങ്ങ, താമരശ്ശേരി ചുരം എന്നീ പാതകൾ വഴിയെ മലപ്പുറത്തേക്ക് എത്താൻ കഴിയുകയുള്ളൂ . ഇതിനായി 50 കിലോമീറ്ററോളം അധികദൂരം സഞ്ചരിക്കേണ്ടി വരും.