മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള സന്ദർശകർക്ക് നിയന്ത്രണം ആരംഭിച്ചു. വിമാനത്താവളത്തിലേക്കുള്ള മൂന്ന് റോഡിലും കശന പരിശോധനയാണ് പൊലീസ് നടത്തുന്നത്. യാത്രക്കാരനെയും ഡ്രൈവറെയും മാത്രമേ വിമാനത്താവളത്തിന് ഉള്ളിലേക്ക് കടത്തിവിടൂ.
കൊണ്ടോട്ടി, കരിപ്പൂർ പൊലീസ് സ്റ്റേഷന് കീഴിലായി മൂന്ന് എയ്‌ഡ്പോസ്റ്റ് ഇവിടെ ആരംഭിച്ചു. ഹജ്ജ് ഹൗസ്, മേലങ്ങാടി റോഡിൽ മഖാമിന് സമീപം, കുമ്മിണി പറമ്പ് റോഡിന്‍റെ ആരംഭം എന്നിവിടങ്ങളിലാണ് പൊലീസിനെ വിന്യസിച്ചിരിക്കുന്നത്.
കൊണ്ടോട്ടി ഇൻസ്പെക്ടർ എൻ.ബി ഷൈജുവിന്‍റെ നേതൃത്വത്തിലാണ് പൊലീസ് പരിശോധന. വിമാനത്താവളത്തിലേക്ക് പോകുന്ന മുഴുവൻ വാഹനവും പരിശോധിക്കും. യാത്ര അയക്കാനും സ്വീകരിക്കാനും പോകുന്നവരിൽ വാഹന ഡ്രൈവറെ മാത്രമേ വിമാനത്താവളത്തിന് ഉള്ളിലേക്ക് കടത്തിവിടു. ബാക്കിയുള്ളവർ പരിശോധന സ്ഥലത്ത് ഇറങ്ങണം.
കഴിഞ്ഞ ദിവസങ്ങളില്‍ യാത്രാക്കാരെ സ്വീകരിക്കുന്നതിനും മറ്റുമായി വലിയ ആൾക്കൂട്ടം തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ജില്ല കലക്ടർ ജാഫർ മാലിക്, ഡിസാസ്റ്റർ ഡെപ്യൂട്ടി കലക്ടർ എൻ പുരുഷോത്തമൻ എന്നിവരുടെ അടിയന്തര ഇടപെടലാണ് വിഷയത്തിന് പരിഹാരമുണ്ടാക്കിയത്. സന്ദർശന നിയന്ത്രണം ലംഘിച്ചാല്‍ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.