മലപ്പുറം: പൊരുവമ്പാടം ആദിവാസി കോളനിയിൽ സ്ഥിതിചെയ്യുന്ന സോളാർ സ്ട്രീറ്റ് ലൈറ്റ് കഴിഞ്ഞ നാല് മാസമായി പ്രവർത്തിക്കുന്നില്ലെന്ന് പരാതി. ജില്ലാ പഞ്ചായത്ത് അംഗത്തിന്‍റെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചാണ് മൂന്ന് വർഷം മുൻപ് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചത്.
സോളാറും ബാറ്ററിയുമടക്കം എത്തിയിട്ടും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ച് ഒരു വർഷത്തിന് ശേഷമാണ് അതിൽ വെളിച്ചം വന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി സ്ട്രീറ്റ് ലൈറ്റ് പ്രവർത്തിക്കുന്നില്ല. അധികൃതരെ അറിയിച്ചിട്ടും പ്രതികരണം ഒന്നും ലഭിച്ചില്ല എന്ന് കോളനി നിവാസിയായ സദാനന്ദൻ പറഞ്ഞു. കാട്ടാന ശല്യം മൂലം ഭീതിയിൽ കഴിയുന്ന കോളനി നിവാസികൾക്ക് രാത്രി കാലത്ത് സ്ട്രീറ്റ് ലൈറ്റ് പ്രകാശിച്ചിരുന്നത് വലിയ ആശ്വാസമായിരുന്നു. ഇപ്പോൾ ഭയത്തോടെയാണ് കിടന്നുറങ്ങുന്നതെന്നും സദാനന്ദൻ പറഞ്ഞു. ഈ കോളനിയിൽ കുടിവെള്ള ക്ഷാമവും രൂക്ഷമായി തുടരുന്നുണ്ട്.