മലപ്പുറം: ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ ഉൾക്കാട്ടിലെ കോളനികളിൽ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി. ജനകീയാസൂത്രണം 2019- 20 പദ്ധതിയിലുൾപ്പെടുത്തി തനത് ഫണ്ട് ഉപയോഗിച്ചുള്ള മെഡിക്കൽ ക്യാമ്പുകൾക്കാണ് തുടക്കമായത്. ക്യാമ്പ് ഉദ്ഘാടനം പന്തീരായിരം വനമേഖല ഉൾക്കാട്ടിലെ കോളനിയായ പാലക്കയം ആദിവാസി കോളനിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി ടി ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
വെറ്റിലക്കൊല്ലി, പാലക്കയം, പ്ലാക്കൽ ചോല,അമ്പുമല, വെണ്ണേക്കോട്, വാളാംതോട്, നായാടം പൊയിൽ. തോട്ടപ്പള്ളി എന്നീ പ്രദേശങ്ങളിലാണ് അതിവിദഗ്ധ ഡോക്ടർമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്യാമ്പുകൾ നടത്തുന്നത്. അസുഖങ്ങൾ ഉണ്ടെങ്കിൽ നേരത്തെ കണ്ടെത്തുന്നതിനും അതിന് മതിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിടുന്നതാണ് സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ. കൂടാതെ മദ്യം ,മയക്കുമരുന്ന്, പുകയില ഉപയോഗം കൊണ്ടുള്ള ദോഷങ്ങൾ എന്നിവയ്ക്കുള്ള ബോധവൽക്കരണ സന്ദേശങ്ങളും ഈ പരിപാടിയിലൂടെ നടത്തി വരുന്നുണ്ട്. നിലമ്പൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസറായ ഡോക്ടർ കെ കെ പ്രവീണ ടിബി രോഗത്തെക്കുറിച്ചും പടരുന്ന രീതിയെക്കുറിച്ചും ടി.ബി.രോഗത്തെ തടയേണ്ട ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് എടുത്തു.
മഞ്ചേരി ജനറൽ ആശുപത്രിയിലെ മെഡിസിൻ, ജൂനിയർ കൺസൾട്ടന്‍റ് ഡോക്ടർ ഷിനാസ് ബാബു, വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ കുട്ടികളുടെ സ്പെഷലിസ്റ്റ് ഡോക്ടർ ജുമാൻ സി, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ത്വക് രോഗവിദഗ്ധൻ ഡോക്ടർ അബൂബക്കർ സി, എന്നിവർ രോഗികളെ പരിശോധിച്ചു. തുടർന്ന് നൂറിലധികം രോഗികളെ പരിശോധിക്കുകയും സൗജന്യമായി മരുന്നു വിതരണം നടത്തുകയും ചെയ്തു. കൂടാതെ കോളനി നിവാസികൾക്ക് ഭക്ഷണവും നൽകി. ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ് കമ്മത്ത്, വിനോദ് കുമാർ വി, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ സുനു എം പി, ശ്രീകല വി, നഴ്സുമാരായ ഷീജ പി, പ്രീജ പി എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.