മലപ്പുറം: ഒളകര ജിഎല്‍പി സ്‌കൂളിലെ സോമരാജന്‍ മാഷാണ് ഇപ്പോൾ പെരുവള്ളൂര്‍ ഗ്രാമത്തിലെ താരം. അവധി ദിവസം സ്‌കൂളിന്‍റെ മേല്‍ക്കൂരയില്‍ കയറി ചോര്‍ച്ചയടക്കുന്ന സോമരാജന്‍ മാഷിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നാട്ടിലെ താരമായി ഈ അധ്യാപകന്‍ മാറിയത്. എന്നാല്‍ സ്‌കൂളിലെ കുട്ടികൾക്കും സഹപ്രവര്‍ത്തകര്‍ക്കുമൊന്നും സോമരാജന്‍ മാഷിന്‍റെ ഇത്തരം സാഹസികതകൾ പുതുമയല്ല. ഉച്ചഭക്ഷണത്തിനുള്ള കറികള്‍ക്കായി തേങ്ങയിടാന്‍ തെങ്ങില്‍ കയറുന്നതും പച്ചക്കറി തോട്ടമുണ്ടാക്കുന്നതും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളുമായി മുന്നിട്ടിറങ്ങുന്നതുമൊക്കെ ഇദ്ദേഹത്തിന്‍റെ ഇഷ്‌ടവിനോദമാണ്. മിക്കവാറും സ്‌കൂളില്‍ നിന്ന് സോമരാജന്‍ മടങ്ങുന്നത് പല ജോലികളും തീര്‍ത്ത് രാത്രി ഏഴ് മണിയോടെയാണ്. 12 വര്‍ഷമായി ഇതേ സ്‌കൂളില്‍ ജോലി ചെയ്യുന്ന സോമരാജന്റെ പലവിധ പ്രവൃത്തികൾ പകര്‍ത്തുകയാണെങ്കില്‍ ലൈക്കുകള്‍ കിലോക്കണക്കിന് കിട്ടുമായിരുന്നുവെന്ന് പിടിഎ ഭാരവാഹികള്‍ പറയുന്നു.
സ്‌കൂളില്‍ കിണര്‍ കുഴിക്കുമ്പോഴും ഓഡിറ്റോറിയം പണിയുമ്പോഴും പഴയ കെട്ടിടം നവീകരിക്കുമ്പോഴുമെല്ലാം പിടിഎ, എസ്‌എംസി കമ്മിറ്റികൾക്കും സഹഅധ്യാപകര്‍ക്കുമൊപ്പം സോമരാജനും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. പുകശല്യമില്ലാത്ത അടുപ്പ് നിര്‍മ്മിക്കുന്ന തൊഴിലാളിയുടെ കുപ്പായമണിഞ്ഞായിരുന്നു സോമരാജന്‍ ഒളകര സ്‌കൂളില്‍ ആദ്യമെത്തിയത്. പിന്നീടാണ് പിഎസ്‌സി നിയമനത്തിലൂടെ അധ്യാപകനായത്. ഊര്‍ജക്ഷമമായ അടുപ്പുകള്‍ നിര്‍മ്മിച്ചതില്‍ അനര്‍ട്ടിന്‍റെ അടക്കം സമ്മാനങ്ങൾ ഇദ്ദേഹത്തെ നേടിയെത്തി. പെരുവള്ളൂര്‍ ജിഎല്‍പി സ്‌കൂള്‍ അധ്യാപകനായിരുന്ന പി അനന്തന്‍ മാസ്റ്ററുടെ മകനായ സോമരാജന് എല്ലാവിധ പിന്തുണയുമായി ഭാര്യ സ്‌നിഗ്‌ധ ശങ്കറും മക്കളായ അനുവിന്ദും അഷിതയും കൂടെയുണ്ട്.