മലപ്പുറം: സ്ഥാപനങ്ങളും പൊതുജനങ്ങളും കൊവിഡ് 19 മാര്‍ഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് നിലമ്പൂര്‍ നഗരത്തില്‍ പരിശോധന നടത്തി. ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ശബരീശന്‍, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മണ്‍സൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിലമ്പൂര്‍ നഗരരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. ഇതിനായി പ്രത്യേകം സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. സമീപകാലങ്ങളില്‍ സാമൂഹിക അകലം അടക്കമുള്ള നിർദേശങ്ങൾ പൊതുജനങ്ങള്‍ പാലിക്കുന്നില്ലെന്നും അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡിജിപി പറഞ്ഞ സാഹചര്യത്തിലാണ് വെള്ളിയാഴ്ച മുതല്‍ പരിശോധന കര്‍ശനമാക്കുന്നത്.
നിലമ്പൂര്‍ നഗരസഭയുടെ ഭാഗത്ത് നിന്ന് തുടങ്ങി നഗരത്തിന്‍റെ വിവിധ കേന്ദ്രങ്ങളിലും മാര്‍ക്കറ്റുകള്‍, ബസ്റ്റാന്‍റുകള്‍, മറ്റു പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തുകയായിരുന്നു. ഭൂരിഭാഗം സര്‍ക്കാര്‍ ഓഫീസുകളിലടക്കം നിലവില്‍ കൈകഴുകുന്നതിനോ സാനിറ്റൈസര്‍ സൂക്ഷിക്കുന്നതിനോ ഉള്ള സൗകര്യങ്ങളില്ല. സ്വകാര്യ വാഹനത്തിലും പബ്ലുക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനത്തിലും ആളുകള്‍ തിങ്ങി നിറഞ്ഞാണ് യാത്ര ചെയ്യുന്നത്. സാമൂഹിക വ്യാപനം ഉണ്ടായേക്കാമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന കൂടി കഴിഞ്ഞദിവസം വന്നതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നത്.