മലപ്പുറം: വനിതാ ശിശു വകുപ്പിന്‍റെ നേതൃത്വത്തിൽ അംഗനവാടി കുട്ടികൾക്കായി നടപ്പിലാക്കുന്ന സ്മാർട്ട് ഡയറ്റ് പദ്ധതിയ്ക്ക് മലപ്പുറത്ത് തുടക്കം കുറിച്ചു. വട്ടപ്പറമ്പ് അംഗനവാടിയിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ പി.എ ജമീല ടീച്ചർ ഉദ്‌ഘാടനം ചെയ്തു. പദ്ധതി വഴി വൈവിദ്ധ്യവും പോഷക സമൃദ്ധവുമായ ഭക്ഷണം കുഞ്ഞുങ്ങള്‍ക്ക് ലഭിക്കും.
തിങ്കൾ മുതൽ ശനി വരെ ഓരോ ദിവസവും വ്യത്യസ്തവും രുചികരവുമായ മെനു ഒരുക്കിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കുടുംബശ്രീ വഴി വീടുകളിലെ അടുക്കളത്തോട്ടത്തില്‍ ഉണ്ടാക്കുന്ന പഴങ്ങൾ,പച്ചക്കറികൾ,മുട്ട,പാൽ തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ ഉപയോഗിച്ചാണ് ആഹാരങ്ങൾ തയ്യാറാക്കിയിരിക്കുന്നത് . നഗരസഭയിലെ 10 അംഗനവാടികളിലാണ് പ്രാഥമികമായി ഈ പദ്ധതി നടപ്പിലാക്കുന്നത്. തുടർന്ന് ഏപ്രിൽ മാസത്തില്‍ ജില്ലയിലെ മുഴുവൻ അംഗനവാടികളിലും പരിഷ്‌കരിച്ച ഭക്ഷണക്രമം നടപ്പിലാക്കും.
വട്ടപ്പറമ്പ് അംഗൻവാടി സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികൾക്ക് നഗരസഭാ ചെയർപേഴ്സൺ ഭക്ഷണം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതി വിജയിച്ചാൽ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് വനിതാ-ശിശു വകുപ്പിന്‍റെ തീരുമാനം.