മലപ്പുറം: നിലമ്പൂരിലെ മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിന്‍റെ പുനർനിർമിതിക്കായി സർക്കാർ ആറ് കോടി രൂപ അനുവദിച്ചു. ഓഗസ്റ്റ് എട്ടിന് ഉണ്ടായ മലവെള്ളപാച്ചിലിൽ കൃഷിനാശമുണ്ടായതിനെ തുടര്‍ന്നാണ് കൃഷിത്തോട്ടത്തിന്‍റെ പുനർനിർമിതിക്കായി സംസ്ഥാന സർക്കാർ ആറ് കോടി രൂപ അനുവദിച്ചത്.
പ്രളയ പുനർനിർമാണ പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ചാലിയാർ പുഴ കരകവിഞ്ഞ്, കൃഷിയിടത്തിലേക്ക് ഒഴുകിയതിനാൽ ഹെക്‌ടർ കണക്കിന് കൃഷിയിടം നശിച്ചിരുന്നു. മാളകം ഭാഗത്തെ സോളാർ വേലിയും തോട്ടത്തിലെ നാല് കിലോമീറ്ററോളം വരുന്ന റോഡും വിവിധ കൃഷികളും ഇതിനൊപ്പം നശിച്ചു. കൃഷിത്തോട്ടത്തിലെ നാശനഷ്‌ടം വിലയിരുത്തിയാണ് തുക അനുവദിച്ചത്. പത്ത് ദിവസത്തിനകം നിര്‍മാണ പ്രവൃത്തി തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.