മലപ്പുറം: ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ മാതാവ് ഖദീജക്കുട്ടി (91) മരിച്ചു. വേങ്ങര പൂച്ചോലമാട്ടിലെ പരേതനായ മുഹമ്മദ് കുട്ടി കാപ്പന്‍റെ ഭാര്യയാണ് ഖദീജക്കുട്ടി. ഇന്ന് (ജൂണ്‍ 18 വെള്ളിയാഴ്ച) വൈകിട്ടോടെയായിരുന്നു അന്ത്യം. വാർധക്യസഹജ രോഗങ്ങളാണ് മരണകാരണം.
രോഗാവസ്ഥയിലായിരുന്ന ഉമ്മയെ കാണാൻ സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിൽ കാപ്പൻ അഞ്ച് ദിവസത്തേക്ക് കേരളത്തിൽ എത്തിയിരുന്നു. മാധ്യമ പ്രവർത്തകരോടോ, ബന്ധുക്കളോടോ സംസാരിക്കരുത് എന്നടക്കമുള്ള കർശന നിബന്ധനയോടെയായിരുന്നു അന്ന് കാപ്പൻ വേങ്ങരയിലെത്തിയത്. മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ കെയുഡബ്ല്യുജെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
Also Read: കവിയും ഗാനരചിയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു
ഖദീജക്കുട്ടിക്ക് കാര്യമായ അസുഖങ്ങളൊന്നുമില്ല എന്നായിരുന്നു യുപി സർക്കാർ അന്ന് കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ അഭിഭാഷകൻ ആശുപത്രിയിൽ കഴിയുന്ന ഖദീജക്കുട്ടിയുടെ ചിത്രം കോടതിയിൽ സമർപ്പിച്ചതിനെ തുടർന്നായിരുന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഇന്ന് രാത്രി തന്നെ ഖദീജക്കുട്ടിയുടെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മറ്റ് മക്കൾ: ഹംസ, ഫാത്തിമ, ആയിശ, മറിയാമു, ഖദിയാമു, അസ്‌മാബി. മരുമക്കൾ: സുബൈദ, റഹ്‌യാനത്ത്, മുഹമ്മദ് അച്ചനമ്പലം, മുഹമ്മദ് കുട്ടി ചെങ്ങാനി, അലവി വട്ടപ്പൊന്ത, ഹംസ പാലത്തിങ്ങൽ, ബഷീർ പൂച്ചോലമാട്.