മലപ്പുറം: തകർന്ന റോഡില്‍ ജീവിതം വഴി മുട്ടി ഭിന്നശേഷിക്കാരിയും രോഗിയുമായ വീട്ടമ്മ. എടക്കര പഞ്ചായത്തിലെ പാര്‍ളിയില്‍ താമസിക്കുന്ന ഏലംകുന്നം സിസിലി ഫിലിപ്പാണ് ദുരിതം പേറി കഴിയുന്നത്. സന്ധികളെ ബാധിക്കുന്ന റൂമറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്ന രോഗത്താല്‍ അവശതയനുഭവിക്കുകയാണ് അമ്പതുകാരിയായ സിസിലി.
സ്വന്തം മുച്ചക്ര വാഹനത്തിലാണ് സിസിലി ജോലിക്ക് പോയിരുന്നത്. എന്നാല്‍ വീടിന് മുന്നിലൂടെയുള്ള മണ്‍റോഡ് കനത്ത മഴയില്‍ തകന്നതോടെ ജോലിക്കും ആശുപത്രിയിലേക്കും പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് സിസിലി പറയുന്നു. 25 മീറ്ററോളം റോഡ് കോൺക്രീറ്റ് ചെയ്‌താല്‍ സിസിലിക്ക് സ്വന്തം വാഹനമോ മറ്റ് വാഹനങ്ങളോ ഉപയോഗിച്ച് ജോലിക്കും ആശുപത്രിയിലേക്കും പോകാൻ കഴിയും. പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. പതിനാല് വര്‍ഷം മുമ്പ് ഭര്‍ത്താവും പിന്നീട് മാതാപിതാക്കളും നഷ്ടമായ സിസിലി തനിച്ചാണ് താമസം. ജോലി ചെയ്യാന്‍ കഴിയാത്ത ഇവര്‍ക്ക് ഇനിയൊരു ശസ്ത്രക്രിയക്ക് പണം കണ്ടെത്തുകയെന്നത് പ്രയാസമാണ്. പള്ളി നല്‍കുന്ന സഹായത്തിലാണ് ജീവിതം മുന്നോട്ടുപോകുന്നത്.