മലപ്പുറം: യുഡിഎഫ് പ്രകടന പത്രികയില്‍ ജനോപകാരപ്രദമായ പദ്ധതികള്‍ ഉള്‍പ്പെടുത്തുമെന്ന് ശശി തരൂർ എംപി. യുഡിഎഫ് പ്രകടനപത്രിക തയ്യാറാക്കുന്നതിന്‍റെ ഭാഗമായി ശശി തരൂർ എംപിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കുന്നതിന്‍റെ മുന്നോടിയായി ശശി തരൂര്‍ എം പി മലപ്പുറത്തെത്തി പൊതുജനങ്ങളില്‍ നിന്നും വിവിധ സംഘടനാ പ്രതിനിധികളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു. കേരളത്തിന്‍റെ വികസനം മാത്രം ലക്ഷ്യമാക്കി നിരവധി പദ്ധതികള്‍ അവതരിപ്പിക്കപ്പെട്ടു. പദ്ധതികള്‍ നടപ്പിലാവുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്രദമാവുന്ന പദ്ധതികള്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കം നല്‍കുകയെന്ന് ശശി തരൂര്‍ ഓര്‍മ്മിപ്പിച്ചു. ജനകീയ പ്രകടന പത്രികയാണ് യുഡിഎഫിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മഞ്ചേരി ജില്ലാ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സാ സൗകര്യം, കൂടാതെ തിരുവനന്തപുരം ആര്‍സിസിയില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി ക്യാന്‍സര്‍ ചികിത്സാ സൗകര്യം എല്ലാ ആശുപത്രികളിലും ലഭ്യമാക്കുക, മഞ്ചേരി ജില്ലാ ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, മഞ്ചേരി മെഡിക്കല്‍ കോളജിന്‍റെ വികസനം എന്നിവയെല്ലാം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് തരൂർ പറഞ്ഞു.
ഒരു കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി, കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കെല്ലാം അര്‍ഹമായ തോതില്‍ സകലവിധ ആനുകൂല്യങ്ങളും, തുടര്‍കൃഷി ചെയ്യാന്‍ അവസരം, നാടന്‍ വിത്തുക്കളുടെയും ജൈവ വളത്തിന്‍റെയും വിതരണം എന്നീ വിഷയങ്ങളെല്ലാം അവതരിപ്പിക്കപ്പെട്ടു. ഭിന്നശേഷിക്കാര്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കും. അവരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ന്യായമായ പരിഹാരം ഉറപ്പാണെന്ന് ശശി തരൂര്‍ പറഞ്ഞു.
ടൂറിസവും വ്യവസായവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. പ്രവാസികള്‍ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. പ്രവാസികള്‍ക്ക് വ്യവസായം തുടങ്ങാന്‍ സഹായം, പെന്‍ഷന്‍, വിവിധ പദ്ധതികള്‍ എന്നിവയെല്ലാം യുഡിഎഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തും. സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പിടി അജയ് മോഹന്‍ , കണ്‍വീനര്‍ യുഎ ലത്തീഫ്, ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ്, തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.