മലപ്പുറം: നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് വധക്കേസ് പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച വണ്ടൂർ വർക്ക്‌ഷോപ്പ് ജീവനക്കാരൻ അറസ്റ്റിൽ. കേസിൽ ഒളിവിൽ കഴിയുന്ന പ്രതി വണ്ടൂർ പഴയ വാണിയമ്പലം സ്വദേശി ചീര ഷഫീഖിനെ(25) ഒളിവിൽ പോകാൻ സഹായിച്ച വണ്ടൂർ വർക്ക്‌ഷോപ്പ് ജീവനക്കാരൻ കാപ്പിൽ മിഥുനാണ്(28) അറസ്റ്റിലായത്. നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
കേസിലെ മുഖ്യപ്രതി ഷൈബിൻ അഷറഫ് അറസ്റ്റിലായതോടെയാണ് മറ്റ് പ്രതികളുമായി ചേർന്ന് ഷഫീഖ് ഒളിവിൽ പോയത്. ഷൈബിന്‍റെ കൂടെ പല കുറ്റകൃത്യങ്ങൾക്കും സഹായിയായി പ്രവർത്തിച്ചിരുന്നയാളാണ് ഷഫീഖ്. കഞ്ചാവ് വിൽപന നടത്തിയതിന് മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഏപ്രിൽ 29ന് ഈ കേസിലെ പ്രതി ഇപ്പോൾ റിമാൻഡിൽ കഴിയുന്ന ബത്തേരി സ്വദേശി നൗഷാദ് സെക്രട്ടേറിയറ്റിന് മുൻപിൽ എത്തി ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ശ്രമം നടത്തിയ സമയം ഷൈബിൻ അഷറഫുമായി ചേർന്ന് നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തലിനെ തുടർന്ന് ഷൈബിൻ അറസ്റ്റിലായതോടെ കൂട്ടുപ്രതികളായ അഞ്ചംഗ സംഘം ഒളിവിൽ പോകാൻ തീരുമാനിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടവും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും നടത്തി വരികയായിരുന്ന ഷഫീഖ് പാണ്ടിക്കാടെത്തുകയും സംഘത്തോടൊപ്പം ചേരാന്നതിനായി പാലക്കാട് എത്താൻ മിഥുന്‍റെ സഹായം തേടുകയായിരുന്നു.
മെയ് 12ന് രാത്രി മിഥുൻ വണ്ടൂർ സ്വദേശിയായ അജ്‌മലിന്‍റെ ഓട്ടോയിൽ പാണ്ടിക്കാടെത്തി ഷഫീറിനെ മണ്ണാർക്കാട് എത്തിക്കുകയും സാമ്പത്തിക സഹായം ചെയ്‌തുകൊടുക്കുകയും ചെയ്‌തു. ഷഫീഖിന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 5 ലക്ഷം രൂപ വായ്‌പ എടുത്തു കൊടുക്കുന്നതിനും മിഥുൻ സഹായിച്ചിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
കൊടുംകുറ്റവാളികളായ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിക്കുന്നവരെയും സാമ്പത്തിക സഹായം ചെയ്യുന്നവരെയും പൊലീസ് നിരീക്ഷിച്ച് വരികയാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.