മലപ്പുറം: കവളപ്പാറയിൽ മണ്ണിടിച്ചലിൽ കാണാതായവർക്കായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസവും തുടരുന്നു. ഇനി 13 പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കാനാണ് തീരുമാനം. മണ്ണിടിച്ചിലിൽ മരിച്ച 46 പേരുടെ മൃതദേഹങ്ങളാണ് ഇതിനകം കണ്ടെത്തിയത്. ബാക്കിയുള്ള 13 പേർക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. എൻഡിആർഎഫ്, ഫയർഫോഴ്സ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്.
പുനരധിവാസമടക്കമുള്ള തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പോത്തുകല്ല് പഞ്ചായത്തിൽ ജില്ലാ കലക്ടറുടെയും പിവി അൻവർ എംഎൽഎയുടെയും നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാൽ ഇതുവരെ ജെസിബി ഇറക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ ജെസിബി ഇറക്കി തിരച്ചിൽ നടത്തും. വീടുകൾ ഉണ്ടായിരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇതുവരെയുള്ള തിരച്ചിൽ നടത്തിയിരുന്നത്. പതിനൊനാം ദിവസമായ ഇന്നലെ തെളിഞ്ഞ കാലാവസ്ഥയായിരുന്നുവെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല.