മലപ്പുറം: എസ്‌സി വിദ്യാർഥിയെ സ്കൂൾ വിനോദ യാത്രയില്‍ നിന്ന് വിലക്കിയ സംഭവം വീണ്ടും വിവാദത്തിലേക്ക്. എരഞ്ഞിമങ്ങാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈമാസം 20, 21 തീയതികളിൽ നടത്താനിരുന്ന വിനോദയാത്ര തീയതി പറയാതെ മാറ്റി വെച്ചു.
എസ്.സി.വിഭാഗത്തിൽപ്പെട്ട വിദ്യാർഥി വിനോദയാത്രയിൽ പങ്കെടുക്കുന്നതിനെ പി.ടി.എ കമ്മിറ്റി എതിർത്തതോടെയാണ് സംഭവം വിവാദമായത്. ഇതേ തുടർന്ന് വിദ്യാർഥിയുടെ അമ്മ നിലമ്പൂർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തില്‍ വിനോദ യാത്ര പോകുന്ന പ്ലസ് ടു വിദ്യാർഥികളുടെ രക്ഷിതാക്കളുടെ യോഗം സ്കൂളിൽ ചേർന്നു. വിലക്ക് ഏർപ്പെടുത്തിയ വിദ്യാർഥിയെ പങ്കെടുപ്പിക്കാൻ കഴിയില്ലെന്ന് പി.ടി.എ അധികൃതരും പ്രിൻസിപ്പാളും വീണ്ടും നിലപാട് സ്വീകരിച്ചു. എന്നാല്‍ കുട്ടിയെ വിനോദയാത്ര സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് എസ്.എം.സി ചെയർമാനും ഭൂരിഭാഗം രക്ഷിതാക്കളും ആവശ്യപ്പെട്ടു.
കുട്ടിയുടെ അമ്മ സംഭവത്തില്‍ മാപ്പ് ചോദിക്കുന്ന സാഹചര്യം ഉണ്ടായെങ്കിലും വിനോദയാത്ര വേണ്ടെന്ന് വെയ്ക്കുകയാണെന്ന് വിനോദയാത്രയുടെ ചാർജുള്ള അധ്യാപകനായ വർഗ്ഗീസ് വ്യക്തമാക്കി. എസ്‌സി വിദ്യാർഥിയെ ഒഴിവാക്കാൻ 193 കുട്ടികളുടെ വിനോദയാത്രയാണ് സ്കൂൾ അധികൃതരുടെ പിടിവാശി മൂലം ഉപേക്ഷിച്ചതെന്ന് മറ്റ് രക്ഷിതാക്കൾ ആരോപിച്ചു. അതേസമയം മകന് നീതി നിഷേധിച്ചവർക്കെതിരായ പോരാട്ടം തുടരാനാണ് മാതാവിന്റെ തീരുമാനം.