മലപ്പുറം : യാത്രക്കാരിയെ ബലാത്സംഗം ചെയ്‌ത ഓട്ടോഡ്രൈവർ അറസ്റ്റിൽ. വഴിക്കടവിനടുത്തുള്ള മരുത അയ്യപ്പൻ പൊട്ടി സ്വദേശി, തോരപ്പ ജലീഷ് ബാബുവാണ് (41) പിടിയിലായത്. വഴിക്കടവ് സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ മരുതയിൽവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 4) വൈകിട്ട് 7.30 ന് ജോലി കഴിഞ്ഞ് വരികയായിരുന്ന യുവതി വഴിക്കടവിൽ നിന്ന് ഓട്ടോ വിളിക്കുകയായിരുന്നു. വാഹനം വഴി തിരിച്ചുവിട്ട പ്രതി, മാമാങ്കര ഇരുൾ കുന്നിലെ കാട്ടിൽ കൊണ്ടുപോയി, യുവതിയുടെ എതിർപ്പ് വകവെയ്ക്കാതെ ബലാത്സംഗം ചെയ്യുകയായിരുന്നു. മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജലീഷ് ബാബു പിടിയിലായത്.
പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. എസ്‌ഐമാരായ വേണു, ഒകെ ജോസ്, മറ്റ് പൊലീസ് ഉദ്യോഗസ്ഥരായ റിയാസ് ചീനി, സനൂഷ്, ഷീബ, സുനിത എം, പി പ്രസാദ്, പിഡി ജിതിൻ, പി ജോബിനി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.