മലപ്പുറം: യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. പൊന്നാനി സ്റ്റേഷനിലെ സിപിഒ ജയപ്രകാശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. മഞ്ചേരി സ്വദേശിനിയാണ് പരാതി നല്‍കിയത്. മഞ്ചേരി ചെങ്ങര സ്വദേശിയാണ് ജയപ്രകാശ്.
വിവാഹ വാഗ്‌ദാനം നല്‍കി ആദിവാസി യുവതിയെ പീഡിപ്പിച്ചു: തിരുനെല്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 30കാരിയായ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്‌തുവെന്ന പരാതിയില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. മെയ് ഒന്‍പതിനാണ് പൊലീസ് നടപടി. പനവല്ലി സ്വദേശി അജീഷ്നെതിരെയാണ് (31) ബലാത്സംഗത്തിനും, എസ്‌സിഎസ്‌ടി അതിക്രമ നിയമ പ്രകാരവും നടപടി. മെയ് നാലിനാണ് പീഡനം നടന്നത്.
ഫോണ്‍ മുഖാന്തരം പരിചയപ്പെട്ട അജീഷ് വിവാഹ വാഗ്‌ദാനം നല്‍കി ക്രൂരമായി ബലാംത്സംഗം ചെയ്‌തെന്നാണ് പരാതി. രാത്രിയാണ് അജീഷ് യുവതിയെ വീട്ടിലെത്തി തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അവിടെ വച്ച് ബലാത്സംഗം ചെയ്‌തതായും സാരമായി മുറിവേറ്റ് രക്തസ്രാവം വന്ന യുവതിയെ ഇയാളും സുഹൃത്തും സുഹൃത്തിന്‍റെ ഭാര്യയും ചേര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ കൂടെ നിന്ന് പരിചരിച്ചിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനോട് പരാതിയൊന്നുമില്ലെന്നും സമ്മത പ്രകാരമാണ് ബന്ധപ്പെട്ടതെന്നുമാണ് യുവതി പറഞ്ഞത്.
'വഞ്ചിച്ചെന്ന് ബോധ്യപ്പെട്ടു': വിവാഹ വാഗ്‌ദാനം നല്‍കി വഞ്ചിക്കുകയാണെന്ന് പിന്നീട് തനിക്ക് ബോധ്യപ്പെട്ടതിനാലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. സംഭവ ദിവസം അജീഷും യുവതിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുടുംബക്കാര്‍ കൂടെ ഇല്ലാതിരുന്നതിനാലും അജീഷിന്‍റെ സമ്മര്‍ദത്താലും തനിക്ക് ഇത് പറയാന്‍ കഴിഞ്ഞില്ലെന്നും ഇക്കാര്യത്തില്‍ പരാതിയുണ്ടെന്നുമാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി.
തിങ്കളാഴ്‌ച ഉച്ചയോടെ യുവതിയെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ ചെയ്യാന്‍ ബന്ധുക്കള്‍ എത്തിയപ്പോള്‍ 'പോരാട്ടം' പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടു. ആശുപത്രി പരിസരത്ത് ബഹളമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് അജീഷിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുകയായിരുന്നു.