മലപ്പുറം: കുറ്റിപ്പുറത്ത് കോളജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാതെ പൊലീസിന്‍റെ ഒളിച്ചുകളി. യുവതിയുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ് നടപടിയെടുത്തില്ലെന്നും പരാതിയുണ്ട്. വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പീഡനക്കേസില്‍ കുറ്റിപ്പുറം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇര മരിക്കുന്ന സംഭവങ്ങളില്‍ മാത്രമേ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനാവൂ എന്ന നിലപാടിലാണ് പൊലീസ്. വിദേശത്തുളള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന ആക്ഷേപവുമായി യുവതി മലപ്പുറം എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്.
കുറ്റിപ്പുറത്തെ കോളജില്‍ അധ്യാപികയായിരുന്ന യുവതിയെ, പൊന്നാനിയിലെ കോളജില്‍ അധ്യാപകനായിരുന്ന ഹാഫിസ് മാണൂരിൽ എന്ന യുവാവാണ് വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചത്. ഇയാൾ യുവതിയുടെ നഗ്നചിത്രങ്ങളും സ്വകാര്യ ദൃശ്യങ്ങളും രഹസ്യക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. അതേ സമയം ഫോണ്‍ നമ്പറും വിലാസവും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവതിക്ക് അശ്ലീല കോളുകളും സന്ദേശങ്ങളും എത്തുന്നതായും പരാതിയുണ്ട്.