മലപ്പുറം: മലപ്പുറത്ത് കനത്ത മഴയിൽ വീട് തകർന്നു. ആളപായമില്ല. കരുവാരക്കുണ്ട് വാക്കോഡിലെ തൊണ്ടിയിൽ സൈനബയുടെ വീടാണ് തകർന്നത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീടിന്‍റെ പിൻഭാഗത്തെ ചുമർ ഇടിഞ്ഞ് മേൽക്കൂര ഉൾപ്പടെ നിലംപൊത്തുകയായിരുന്നു.
Also read: കൻവാർ തെറ്റെങ്കില്‍ ഈദും തെറ്റ്; കേരളത്തിനെ വിമർശിച്ച് മനു അഭിഷേക് സിങ്‌വി
സംഭവ സമയം സൈനബ തന്‍റെ മാനസിക ആസ്വാസ്‌ത്യമുള്ള മകളുമായി പാലിയേറ്റീവ് കെയർ സെന്‍ററിലേക്ക് പോയതിനാൽ വന്‍ ദുരന്തം ഒഴിവായി. ഇവർ രണ്ടു പേരുമാണ് വീട്ടിൽ താമസിക്കുന്നത്. വീട് വാസയോഗ്യ മല്ലാതായതോടെ ഇരുവരും ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുകയാണ്.
സംഭവത്തെ തുടർന്ന് കരുവാരക്കുണ്ട് വില്ലേജ് അധികൃതർ, എ.പി.അനിൽ കുമാർ എം.എൽ.എ ജില്ലാ പഞ്ചായത്തംഗം വി.പി. ജസീറ, പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്.പൊന്നമ്മ, വാർഡ് അംഗം കെ.എം. ഷംന എന്നിവർ സ്ഥലം സന്ദർശിച്ചു.