മലപ്പുറം: രാഹുൽഗാന്ധിയുടെ ജന്മദിനത്തിൽ അപ്പൻകാപ്പ് കോളനിക്കാർക്ക് താൽകാലിക നടപ്പാലമൊരുക്കി കോൺഗ്രസ്. മുണ്ടേരി ഉൾവനത്തിലെ പുഴക്ക് ഇരുവശത്തുമായി കഴിയുന്ന അപ്പൻകാപ്പ് ആദിവാസി കോളനിയിലെ നൂറ്റിയിരുപതോളം കുടുംബങ്ങൾ കഴിഞ്ഞ പ്രളയത്തിൽ കോളനിയിലേക്കുള്ള പാലം തകർന്നതോടെ ഇരുവശത്തുമായി ഒറ്റപ്പെട്ടു കഴിയുകയായിരുന്നു. സംസ്കാര സാഹിതിയും പോത്തുകൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ചേർന്നാണ് രാഹുൽഗാന്ധിയുടെ ജന്മദിന സമ്മാനമായി താൽകാലിക നടപ്പാലം നിർമിച്ച് നൽകിയത്.
സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നടപ്പാലം ഉദ്ഘാടനം ചെയ്തു. മഴക്കാലം ആരംഭിച്ച് പുഴയിൽ നീരൊഴുക്ക് കൂടിയതോടെ ഏറെ ഭീതിയിലായിരുന്നു കോളനിക്കാർ. ഓൺലൈൻ പഠന ക്ലാസുകൾ ആരംഭിച്ചതോടെ മറുകരയിലുള്ള പഠനകേന്ദ്രത്തിലെത്താൻ ഏറെ ബുദ്ധിമുട്ടിലായിരുന്നു കുട്ടികൾ. പ്രളയം കഴിഞ്ഞ് ഇതുവരെയും അധികാരികളുടെ ഭാഗത്തു നിന്നും പാലം നിർമ്മിക്കുന്നതിനുള്ള ഒരു നടപടികളും ഉണ്ടാകാതെ വന്നപ്പോഴാണ് കോളനിക്കാർ സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തുമായി ബന്ധപ്പെട്ടത്. കോളനി സന്ദർശിച്ച ആര്യാടൻ ഷൗക്കത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുമായി ചേർന്ന് പാലം നിർമിക്കുന്നതിനും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന കോളനിയിലെ 120 കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകുന്നതിനുമുള്ള സൗകര്യവും ഒരുക്കി.
കോളനിക്കാരുടെ തനത് നിർമാണ വൈദഗ്ധ്യത്തിൽ അവർ തന്നെയാണ് നടപ്പാലം നിർമ്മിച്ചിരിക്കുന്നത്. കോളനിക്കാരുമൊത്ത് കേക്ക് മുറിച്ചും പ്രഭാത ഭക്ഷണം കഴിച്ചുമാണ് രാഹുൽ ഗാന്ധിയുടെ ജന്മദിനം കോൺഗ്രസ് പ്രവർത്തകർ ആഘോഷിച്ചത്. കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും കമ്പിളിയും വസ്ത്രങ്ങളും നൽകി.