മലപ്പുറം: ഓൺലൈൻപഠനത്തിന് പ്രയാസമനുഭവിക്കുന്ന വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ ആദിവാസി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് കൈത്താങ്ങുമായി രാഹുൽ ഗാന്ധി എം.പി. ഓൺലൈൻ പഠന സൗകര്യമില്ലാത്ത വയനാട് മണ്ഡലത്തിലെ 350 ആദിവാസി കേന്ദ്രങ്ങളിളേക്കാണ് സ്‍മാർട്ട് ടെലിവിഷൻ എം.പി കൈമാറിയത്. വയനാട് മണ്ഡലത്തിലെ ആദിവാസി മേഖലയിലുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുവാൻ വേണ്ട സഹായങ്ങൾ നൽകാമെന്ന് ഇതിനകം തന്നെ എം.പി സംസ്ഥാന സർക്കാറിനെയും ജില്ലാ ഭരണകൂടത്തിനെയും അറിയിച്ചിരുന്നു.
ഇതിന്‍റെ ഭാഗമായി ആദ്യഘട്ടമെന്നോണം 50 ൽ പരം ടി.വികൾ വയനാട് ജില്ലയിൽ വിതരണം ചെയ്തിരുന്നു. ജില്ലാ ഭരണകൂടങ്ങൾ നൽകിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സ്മാര്‍ട്ട് ടി.വികൾ വിതരണം ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ വിവിധ ആദിവാസി വിദ്യാര്‍ഥികൾക്ക് എത്തിക്കാനുള്ള ടി.വികളുടെ വിതരണം നിലമ്പൂർ ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസർ ശ്രീകുമാരന് എ.പി അനിൽകുമാർ എം.എൽ.എ കൈമാറി.
ജില്ലാ ഭരണകൂടം തയ്യാറാക്കി നൽകിയ കണക്കുകളുടെ അടിസ്ഥനത്തിലുള്ള മുഴുവൻ ആദിവാസി വിദ്യാർഥികൾക്കും ഓൺലൈൻ പഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കും. കോളനികളോട് ബന്ധപ്പെട്ടുനിൽക്കുന്ന അങ്കണവാടികൾ, സാംസ്‌കാരിക നിലയങ്ങൾ, ലൈബ്രറികൾ തുടങ്ങിയ പൊതു ഇടങ്ങൾ എന്നീ സ്ഥലങ്ങളിലായിരിക്കും ടി.വികൾ സ്ഥാപിക്കുക.