മലപ്പുറം : ലോക്ക്ഡൗണില്‍ ലോട്ടറി വിൽപ്പന മുടങ്ങിയതോടെ മറ്റൊരു അതിജീവന മാര്‍ഗവുമായി എത്തിയിരിക്കുകയാണ് തിരൂർ പയ്യനങ്ങാടി സ്വദേശി റാബിയ. കൊവിഡില്‍ ഉലഞ്ഞ ജീവിതയാത്രയെ അലങ്കാര മത്സ്യ കച്ചവടം നടത്തി തിരിച്ചുപിടിക്കുകയാണ് റാബിയ.
സ്വന്തമായി വീട് വയ്ക്കുകയെന്ന സ്വപ്നവുമാാണ് ചമ്രവട്ടം ഭാഗത്തെ പഞ്ചമി റോഡരികിൽ റാബിയ അലങ്കാര മത്സ്യ വില്‍പ്പന നടത്തുന്നത്. റാബിയയുടെ ഭർത്താവിനും അലങ്കാര മത്സ്യ കച്ചവടം ആയിരുന്നു. എന്നാല്‍ അദ്ദേഹം രണ്ട് വർഷങ്ങൾക്ക് മുമ്പ് മരിച്ചു.
ഈ തൊഴിലുമായി നേരത്തേയുള്ള അടുപ്പമാണ് പ്രചോദനമായതെന്ന് റാബിയ പറയുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകന്‍ ഒഴിവുസമയങ്ങളിൽ റാബിയയോടൊപ്പം കൂടും. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നത് റോഡരികിലെ കച്ചവടത്തെ ചെറിയ തോതിൽ ബാധിക്കുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ മെച്ചപ്പെടുമെന്നാണ് റാബിയയുടെ പ്രതീക്ഷ.
കൊവിഡും ലോക്ക്ഡൗണും കാരണം ജീവിതോപാധി വഴിമുട്ടിയവര്‍ക്ക് വലിയ പ്രചോദനമാണ് റാബിയുടെ ഈ അതിജീവനം. ഏത് പ്രതിസന്ധിയെയും ഇച്ഛാശക്തികൊണ്ട് നേരിടാമെന്ന് ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുകയാണ് റാബിയ.