മലപ്പുറം: പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യ പിതാവിന്‍റെ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുതുടങ്ങി. റെസ്റ്റോറന്‍റ് കം ലോഡ്‌ജിങ് കെട്ടിടം നിർമിക്കാൻ നേടിയ അനുമതിയുടെ മറവിൽ കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലയിലെ വിവാദ തടയണക്ക് കുറുകെ എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്‌ദുൾ ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വേയാണ് പൊളിച്ചു തുടങ്ങിയത്. അഞ്ച് വർഷത്തെ നിയമനടപടിക്കൊടുവിലാണ് റോപ്‌വേ പൊളിച്ചുനീക്കുന്നത്.
ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് നടപടി. രാവിലെ 10 മണിക്ക് ശേഷമാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. പൊളിക്കല്‍ നടപടി പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്.
നിയമവിരുദ്ധമായി കെട്ടിയ തടയണ സമീപത്തെ ആദിവാസി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് എം.പി വിനോദ് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട് നിയമ വിരുദ്ധമായി കെട്ടിയ റോപ് വേ 15 ദിവസത്തിനകം പൊളിക്കാന്‍ ആവശ്യപ്പെട്ട് ഒക്ടോബര്‍ 23ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി അബ്‌ദുൾ ലത്തീഫിന് നോട്ടിസ് നല്‍കിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല.
തുടർന്ന് അബ്‌ദുൽ ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വേ രണ്ടുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്‌മാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഊർങ്ങാട്ടിരി പഞ്ചായത്ത് പൊളിക്കല്‍ നടപടികൾ ആരംഭിച്ചത്.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ചീങ്കണ്ണിപ്പാലയിലെ തടയണ ഭാഗികമായി പൊളിച്ചുനീക്കിയതിന് പിന്നാലെ തടയണക്ക് കുറുകെയുള്ള റോപ് വെയും പൊളിക്കുന്നത് പി.വി അന്‍വര്‍ എംഎല്‍എക്ക് കനത്ത തിരിച്ചടിയാവുകയാണ്.
Also Read: 9 വയസുകാരന് പീഡനം; വീട്ടുടമയ്ക്ക് 20 വർഷം കഠിന തടവ്