മലപ്പുറം: വോട്ടിങ് കഴിഞ്ഞു സൂക്ഷിച്ചിരിക്കുന്ന വോട്ടെടുപ്പ് യന്ത്രങ്ങൾക്ക് ഒരുക്കുന്നത് ത്രിതല സുരക്ഷ. ബിഎസ്എഫും കേരളാ പൊലീസുമാണ് മൂന്ന് തലത്തിലുള്ള സുരക്ഷ ഒരുക്കുന്നത്. മലപ്പുറം ജില്ലയിലെ കേന്ദ്രത്തിൽ 24 മണിക്കൂറും ഗസറ്റഡ് ഉദ്യോഗസ്ഥന്‍റെ സാന്നിധ്യവുമുണ്ടാകും. സ്‌ട്രോങ് റൂമുകൾക്ക് മുന്നിലെ സുരക്ഷ ബിഎസ്എഫിനാണ്. 24 മണിക്കൂറും ആയുധമേന്തിയ ബിഎസ്എഫ് ജവാൻമാർ സ്‌ട്രോങ് റൂമിന് മുന്നിലുണ്ടാകും. ഒരേസമയം 20 പേരാണ് ഡ്യൂട്ടിയിലുണ്ടാവുക. ആയുധങ്ങളോടെ സംസ്ഥാന പൊലീസും സ്‌ട്രോങ് റൂമിന് 100 മീറ്ററിനുള്ളിൽ കാവലുണ്ടാകും. പൊലീസ് പട്രോളിങ് സംഘത്തിന്‍റെ നിരീക്ഷണം സ്‌കൂളിന് പുറത്തുമുണ്ടാകും.
മലപ്പുറം ലോക്സഭയുടെ വോട്ടെടുപ്പ് യന്ത്രങ്ങളും അതാത് മണ്ഡലത്തിനകത്ത് തന്നെയാണുള്ളത്. ബുധനാഴ്ച പുലർച്ചെയോടെയാണ് വോട്ടെടുപ്പ് യന്ത്രങ്ങളും പോളിങ് സാമഗ്രികളും ഏറ്റുവാങ്ങുന്നത് പൂർത്തിയായത്. ബൂത്തുകളിൽ നിന്ന് വോട്ടെടുപ്പ് യന്ത്രങ്ങളുമായെത്തിയ ഉദ്യോഗസ്ഥർ കൗണ്ടറുകൾക്ക് മുന്നിൽ പലതവണ ബഹളമുണ്ടാക്കി. വളരെ സാവധാനത്തിലാണ് കൗണ്ടറുകൾ പ്രവർത്തിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ ആക്ഷേപം. എന്നാൽ പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങുന്നതിന് 22 കൗണ്ടറുകൾ പ്രവർത്തിച്ചിരുന്നെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശപ്രകാരം ഒരോ കൗണ്ടറിലും രണ്ടുപേർ വീതം ഉണ്ടായിരുന്നതായും ചുമതലയുള്ള വരണാധികാരി പറഞ്ഞു.