മലപ്പുറം: ഈ വർഷത്തെ ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അറിയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് രണ്ട് എംബാർക്കേഷൻ പോയിന്‍റ് സംസ്ഥാനത്തിന് അനുവദിക്കുന്നത്. നെടുമ്പാശ്ശേരിക്ക് പുറമേ നേരത്തെ മുടങ്ങിക്കിടന്ന ഹജ്ജ് എംബാർക്കേഷൻ പോയന്‍റ് ഇത്തവണ പ്രവർത്തന സജ്ജമാണ്. കരിപ്പൂർ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ ആറിന് നിർവഹിക്കും.
വനിതകൾക്കായി ഹജ്ജ് ഹൗസിനോട് ചേർന്ന് നിർമിക്കുന്ന പ്രത്യേക ബ്ലോക്കിന് ശിലാസ്ഥാപനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ആദ്യ ഹജ്ജ് വിമാനം ജൂലൈ ഏഴിന് മന്ത്രി കെ ടി ജലീൽ ഫ്ലാഗ് ഓഫ് ചെയ്യും.
700 തീർഥാടകർക്ക് ഒരുമിച്ച് താമസിക്കാനുള്ള സൗകര്യം ഹജ്ജ്ഹൗസിൽ ഒരുക്കിയിട്ടുണ്ട്. ഇത്തവണ കേരളത്തിൽ നിന്നും 13472 പേരാണ് പുറപ്പെടുന്നത്. ഇതിൽ 10732 തീർഥാടകർ കരിപ്പുഴ വഴിയും 2740 പേർ നെടുമ്പാശ്ശേരി വഴിയുമാണ് യാത്ര തിരിക്കുന്നത്. ജൂലൈ 13നാണ് നെടുമ്പാശ്ശേരിയിൽ ഹജ്ജ് ക്യാമ്പ് ആരംഭിക്കുക. 14ന് നെടുമ്പാശ്ശേരിയിൽ നിന്നും ഹജ്ജ് വിമാനം യാത്രതിരിക്കും.