മലപ്പുറം : ഇലകളിലും കല്ലുകളിലുമൊക്കെ സിനിമ താരങ്ങളുടെ ചിത്രം ഒരുക്കുന്നത് സാമൂഹ്യമാധ്യമങ്ങളിൽ ഏറെ കണ്ടിട്ടുണ്ടാകും. എന്നാൽ വീടിന്‍റെ ടെറസിൽ പറ്റിപ്പിടിച്ചിരിക്കുന്ന പായൽ ഉപയോഗിച്ച് ഇഷ്‌ടതാരങ്ങളുടെ ചിത്രങ്ങൾ ഒരുക്കുകയാണ് പോരൂർ പാലക്കോട് സ്വദേശിയായ പി. സിറാജുദ്ദീൻ.
സിറാജുദ്ദീന്‍റെ പായൽ കല
ഇതിനകം പായലിൽ മോഹൻലാൽ, ജോജു ജോർജ് എന്നിവരുടെ മുഖം തീർത്ത് സിറാജുദ്ദീന്‍ ശ്രദ്ധനേടിയിട്ടുണ്ട്. തന്‍റെ കലാസൃഷ്‌ടി കണ്ട് ജോജു തന്നെ അഭിനന്ദനങ്ങളുമായി എത്തിയതിന്‍റെ സന്തോഷത്തിലുമാണ് ഈ കലാകാരൻ.
ALSO READ: ദിവസം 40 കി.മീ, പിന്നിടാനുള്ളത് 3800 കി.മീ ; അബ്ബാസലിയും ഷഹനയും കാൽനടയായി കശ്‌മീരിലേക്ക്
മുജീബ് റഹ്മാൻ - ഷെറിന ദമ്പതികളുടെ മകനായ സിറാജുദ്ദീൻ പത്തനംതിട്ട പന്തളം എൻഎസ്എസ് കോളജ് ബയോകെമിസ്ട്രി ബിരുദ വിദ്യാർഥിയാണ്.
മഴക്കാലത്ത് ടെറസിലും മറ്റും പായൽ പറ്റിപ്പിടിച്ചുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് വേറിട്ട പരീക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നത്. ആദ്യം മുഖചിത്രം വരയ്ക്കും. തുടർന്ന് അതിലേക്ക് കത്രിക ഉപയോഗിച്ച് പായൽ കൃത്യമായി ചേർത്തുവച്ചാണ് ചിത്രം പൂർത്തിയാക്കുന്നത്.
ഏകദേശം നാല് മണിക്കൂറോളം സമയം ഇതിനാവശ്യമാണ്. മമ്മൂട്ടിയുടെ മുഖം പായലിൽ തീർത്ത് ചിത്രമൊരുക്കി അദ്ദേഹത്തിന്‍റെ ജന്മദിനത്തിൽ സമ്മാനിക്കാനുള്ള തയാറെടുപ്പിലാണ് സിറാജുദ്ദീൻ.