മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പരാതി നൽകി 75 ദിവസം കഴിഞ്ഞിട്ടും കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് മാതാപിതാക്കൾ പ്രതിഷേധവുമായി എസ്‌പി ഓഫീസിൽ എത്തിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിന് മുന്നിൽ നീതി ലഭിക്കും വരെ പ്രതിഷേധിക്കുമെന്ന് അറിയിച്ചു കൊണ്ടാണ് ശരീഫ് ,സഹല ദമ്പതികൾ എത്തിയത്. എസ്‌പി ഓഫീസിലെത്തിയ ദമ്പതികളെ കവാടത്തിൽ പൊലീസ് തടഞ്ഞതോടെ വാക്ക് തർക്കമായി. തുടർന്ന് ജില്ലാ പോലീസ് മേധാവി(എസ്‌പി) യൂ അബ്‌ദുൽ കരീം ഇരുവരെയും സന്ദർശിച്ചു. കേസ് രജിസ്റ്റർ ചെയ്‌ത് എഫ്ഐആർന്‍റെ പകർപ്പ് എസ്‌പി തന്നെ നേരിട്ട് കൈമാറി. കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയത് നടപടി ക്രമങ്ങളുടെ ഭാഗമാണെന്നും മലപ്പുറം ഡിവൈഎസ്‌പി അന്വേഷണം നടത്തുമെന്നും എസ്‌പി വ്യക്തമാക്കി
ആരോഗ്യ പ്രവർത്തകരായ വിദഗ്‌ധരുടെ സംഘത്തെ രൂപീകരിച്ച് അവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുക്കും കേസിന്‍റെ മുന്നോട്ടു പോക്ക്. അതേസമയം ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച അന്വേഷണത്തിന്‍റെ ഭാഗമായി പ്രത്യേക സംഘം ഇന്ന് ദമ്പതികളുടെ മൊഴി എടുത്തിരുന്നു. നീതി ലഭിക്കാൻ വൈകിയത് കൊണ്ടാണ് പ്രതിഷേധവുമായി എത്തിയതെന്നും ഇപ്പോൾ സ്വീകരിച്ച പൊലീസ് നടപടിയിൽ പ്രതീക്ഷയുണ്ടന്നും ഷെരീഫും സഹലയും പറഞ്ഞു.