മലപ്പുറം: കാളികാവ് നീലാഞ്ചേരിയിൽ റോഡുകളിൽ ഇലക്ട്രിക് പോസ്റ്റുകളിട്ട് റോഡടച്ച് പൊലീസ്. പുറത്തിറങ്ങാൻ മാർഗമില്ലാത്തതിനാൽ കടുത്ത പ്രതിഷേധത്തിൽ നാട്ടുകാർ. ഈ പ്രദേശം കണ്ടെയ്ൻമെന്‍റ് സോണായതിനാൽ റോഡുകൾ നേരത്തെ അടച്ചിരുന്നു. എന്നാൽ അപ്പോഴെല്ലാം അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തേക്ക് പോകാൻ മാർഗങ്ങളുണ്ടായിരുന്നു.
നിലവിൽ കാളികാവ് കരുവാരകുണ്ട് പഞ്ചായത്തുകളുടെ ബൗണ്ടറി അടക്കുന്നതിന് പകരം കരുവാരകണ്ട് പരിധിയിലാണ് റോഡ് പൂർണമായി അടച്ചത്. ഇതിനാൽ ഈശ്വരൻ പടി ചാഴിയോട് റോഡും ഇടറോഡും ബ്ലോക്കായി. ഇതിനെ തുടർന്നാണ് നാട്ടുകാർ ദുരിതത്തിലായത്. അത്യാവശ്യ ഘട്ടത്തിൽ ആംബുലൻസിന് പോലും ഇവിടെയെത്താൻ മാർഗമില്ല.
നിലവിലെ സാഹചര്യത്തിൽ 16 കിലോമീറ്റർ ചുറ്റി വേണം കാളികാവിൽ നിന്ന് നീലാഞ്ചേരിയിലെത്താൻ. ഇവിടത്തുകാർ ആശുപത്രിക്കും മറ്റുമുള്ള എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കുന്നത് കാളികാവിനെയാണ്. പൊലിസിൻ്റെ അശാസ്ത്രീയമായ നടപടിയിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.