മലപ്പുറം : സംസ്ഥാനത്തെ സ്‌കൂള്‍ പ്രവര്‍ത്തന സമയം മാറ്റാനുള്ള ഖാദര്‍ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ശുപാര്‍ശ നടപ്പാക്കുന്നത് മതവിദ്യാഭ്യാസത്തെ ഇല്ലാതാക്കും. മതവിദ്യാഭ്യാസത്തിന് വിലങ്ങാകുന്ന വിധത്തില്‍ പൊതുവിദ്യാഭ്യാസത്തിന്‍റെ സമയം മാറ്റരുതെന്നും മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഈ ശുപാര്‍ശ അംഗീകരിക്കരുത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ മത സംഘടനകളുമായി ചര്‍ച്ച നടത്തണം. വഖഫ് വിഷയം പോലെ സര്‍ക്കാരിന് ഇതിലും അബദ്ധം പറ്റരുത്. വിഷയത്തില്‍ കേരളത്തിലെ മതസംഘടനകള്‍ക്കൊപ്പം മുസ്‌ലിം ലീഗ് ഉറച്ചുനില്‍ക്കും.
സ്‌കൂള്‍ പഠന സമയം രാവിലെ എട്ടുമുതല്‍ ഒരുമണി വരെ ആക്കണമെന്നാണ് ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശ. വിദ്യാലയ സമയക്രമത്തില്‍ മാറ്റത്തിന് ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റിയുടെ രണ്ടാം റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.
'ജയരാജന് വിവരം കിട്ടിയത് എവിടെ നിന്ന് ?': പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംരക്ഷകര്‍ മുസ്‌ലിം ലീഗാണന്ന വിവരം എംവി ജയരാജന് കിട്ടിയത് എവിടെ നിന്നാണെന്ന് അറിയില്ലെന്ന് പിഎംഎ സലാം. പോപ്പുലര്‍ ഫ്രണ്ടിന്‍റെ മുഖ്യശത്രു മുസ്‌ലിം ലീഗാണ്. ഒരു നാണവുമില്ലാതെ എസ്‌ഡിപിഐയുമായി സഖ്യമുണ്ടാക്കിയ സിപിഎം ആണ് ലീഗിനെ പഴി പറയുന്നത്. ബിജെപിക്കെതിരാണ് എന്നുപറയുന്ന പോപ്പുലര്‍ ഫ്രണ്ടുകാര്‍ എന്തുകൊണ്ടാണ് കേരളത്തില്‍ മാത്രം ഹര്‍ത്താല്‍ നടത്തിയതെന്നും സലാം ചോദിച്ചു.
'ഹര്‍ത്താലില്‍ പൊലീസ് നിഷ്‌ക്രിയമായി': പോപ്പുലര്‍ ഫ്രണ്ട് അറസ്റ്റിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. തെളിവുകള്‍ പുറത്തുവിടട്ടെ. ഹര്‍ത്താലില്‍ കേരള പൊലീസ് നിഷ്‌ക്രിയമായാണ് പ്രവര്‍ത്തിച്ചത്. ലീഗിന് വീര്യം പോര എന്ന് പറഞ്ഞാണ് പോപ്പുലര്‍ ഫ്രണ്ട് വളരാന്‍ ശ്രമിച്ചത്.
എല്ലാ വിഷയങ്ങളിലും ലീഗ് പ്രതികരിക്കാറുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെപ്പോലെയല്ല. നിയമാനുസൃതമായാണ് ലീഗ് പ്രതികരിക്കാറുള്ളത്. ഇപ്പോഴത്തെ അറസ്റ്റ് മുസ്‌ലിങ്ങള്‍ക്ക് എതിരെയുള്ള നീക്കമായി കാണാനാകില്ലെന്നും സലാം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.